'എല്ലാവരും ക്ഷമയോെട കാത്തിരിക്കൂ'-പണം നഷ്ടപ്പെട്ടവരോട് മണിചെയിൻ തട്ടിപ്പുകാരനായ വണ്ടൂർ സ്വദേശി
text_fieldsകോഴിക്കോട്: മണിചെയിൻ തട്ടിപ്പുകാരനായ വണ്ടൂർ സ്വദേശി ജനങ്ങളിൽനിന്ന് പണം സമാഹരിച്ചത് ഡോളർ കണക്കിൽ. ഇന്ത്യൻ രൂപയാണ് നൽകേണ്ടതെങ്കിലും എല്ലാം ഡോളറായിട്ടാണ് പറയുന്നത്. 'ഇൻറർനാഷനൽ' നിലവാരമുണ്ടെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താനാണ് ഡോളറിെൻറ പേരിലുള്ള ഇടപാട്. നിക്ഷേപം സ്വീകരിക്കുന്നതിന് പുറമെ, ലാഭവിഹിതവും ഡോളർകണക്കിലാണ്. പണം നിക്ഷേപിക്കുന്നവർക്ക് ഇൻറർനാഷനൽ എ.ടി.എം കാർഡുകളും വാഗ്ദാനം ചെയ്തിരുന്നു.
30,000ത്തോളം പേരിൽനിന്ന് പണം സ്വീകരിച്ചതായാണ് തട്ടിപ്പ്സംഘം തന്നെ വെളിപ്പെടുത്തിയത്. പണം നിക്ഷേപിക്കുന്നവർക്ക് മോഹന വാഗ്ദാനങ്ങൾ നൽകാൻ 'മോട്ടിവേഷനൽ ക്ലാസുകൾ' പലയിടത്തായി നടത്തിയിരുന്നു. ലീഡേഴ്സ് എന്ന പേരിൽ കുറച്ചുപേരെത്തിയാണ് ക്ലാസെടുക്കുന്നത്. നേരത്തേ ഹോട്ടലുകളിലായിരുന്നു ക്ലാസ്.
കോവിഡ് കാലത്ത് ചില വീടുകൾ കേന്ദ്രീകരിച്ചും മണിചെയിൻ ക്ലാസുകൾ നടന്നു. വമ്പൻ ബിസിനസുകളുടെയും ഓഹരി വിപണിയുടെയും കഥകൾ പൊലിപ്പിച്ച് പറയുന്ന തട്ടിപ്പുകാരൻ ഓഫിസ് തുറക്കാതെയായിരുന്നു പ്രവർത്തനം. ഇടക്ക് ചില നഗരങ്ങളിലെ ഹോട്ടലുകളിൽ മുറിയെടുത്ത് 'കാൻവാസിങ്' നടത്തുന്നതായിരുന്നു പതിവ്.
നിക്ഷേപമായി സ്വീകരിച്ച തുക മാത്രം ലാഭവിഹിതമെന്ന പേരിൽ നൽകുകയാണ് ഇവരുടെ മറ്റൊരു തന്ത്രം. നിശ്ചിത തുക െകാടുത്തയാൾക്ക് ഏകദേശം അത്രയും തുക ഗഡുക്കളായി തിരിച്ചു നൽകും. പിന്നീട് ബിസിനസ് സ്തംഭിച്ചെന്ന് ധരിപ്പിക്കും. മുടക്കുമുതലെങ്കിലും കിട്ടിയല്ലോ എന്ന ആശ്വാസത്തിൽ നിക്ഷേപകർ തലയൂരും. അതേസമയം, വമ്പൻ തുക നൽകിയ പലരും കുടുങ്ങിയ അവസ്ഥയിലാണ്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റടക്കം പിന്നാലെയുണ്ടെന്ന കളവും തട്ടിപ്പുകാർ പറയുന്നുണ്ട്.
മോഹനവാഗ്ദാനങ്ങൾക്കൊപ്പം പരാതികളുണ്ടായാൽ വിദഗ്ധമായി പരിഹരിക്കാനും വണ്ടൂരിലെ തട്ടിപ്പുകാരൻ മിടുക്കനാണ്. കോടിക്കണക്കിന് രൂപ തട്ടിച്ചതായുള്ള 'മാധ്യമം' വാർത്ത പുറത്തു വന്നതോടെ ഇദ്ദേഹം വാട്സാപ്പ് ഗ്രൂപ്പുകളിൽ വിശദീകരണവുമായെത്തുന്നുണ്ട്. എല്ലാവരും ക്ഷമയോെട കാത്തിരിക്കൂ എന്നാണ് വിശദീകരണം. എ.ടി.എം കാർഡ് വഴിയുള്ള തുക ആദ്യം നൽകുമെന്നും പിന്നീട് ബാങ്ക് വഴിയുള്ള ഇടപാടിലെ തുക നൽകുമെന്നുമാണ് വാഗ്ദാനം. നിലവിൽ കുടിശ്ശികയുള്ളവർക്ക് ഒറ്റയടിക്ക് നൽകാനാവില്ലെന്നുമാണ് നിക്ഷേപകരെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.