കേരളത്തിൽ വാനര വസൂരി സ്ഥിരീകരിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചു. 12-ാം തീയതി യു.എ.ഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലം സ്വദേശിയുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അച്ഛൻ, അമ്മ, ടാക്സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, വിമാനത്തിലുണ്ടായിരുന്ന 11 പേർ എന്നിവരെയാണ് അടുത്ത് ബന്ധപ്പെട്ടവരായി തിരിച്ചറിഞ്ഞിട്ടുള്ളത്. വീട്ടിലെത്തിയ ഇദ്ദേഹം ആദ്യം സ്വകാര്യ ആശുപത്രിയിലാണ് പോയത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് സംശയത്തെ തുടർന്ന് സാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു -മന്ത്രി പറഞ്ഞു.
എന്താണ് വാനര വസൂരി (മങ്കിപോക്സ്)?
വസൂരി പരത്തുന്ന വൈറസ് കുടുംബത്തിൽപ്പെട്ടതാണ് മങ്കിപോക്സ് വൈറസും. ചില സന്ദർഭങ്ങളിൽ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് പകരും. പനി, നീർവീഴ്ച, ശരീരത്തിലും മുഖത്തും തടിപ്പുകൾ തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ. രോഗബാധ നാലാഴ്ച വരെ നീണ്ടുനിൽക്കും.
രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി യു.എസിലെ ടെക്സാസിൽ കഴിഞ്ഞ വർഷം ജൂലൈയിൽ 'മങ്കിപോക്സ്' സ്ഥിരീകരിച്ചിരുന്നു. അതിവേഗത്തിലാണ് വിവിധ ഭൂഖണ്ഡങ്ങളിലായി മങ്കിപോക്സ് പടർന്നത്. മങ്കിപോക്സിനെ വേൾഡ് ഹെൽത്ത് നെറ്റ്‍വർക്ക് മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. മങ്കി പോക്സ് വന്നത് ലോകത്തെ ഭയപ്പെടുത്തിയെങ്കിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.
രോഗ ലക്ഷണമുള്ളവരുമായി സമ്പർക്കമുള്ളവരെ തുടർച്ചയായി 21 ദിവസം വരെ നിരീക്ഷിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശം.
വാനര വസൂരി: കേന്ദ്രസംഘമെത്തും
തിരുവനന്തപുരം: കൊല്ലത്ത് വാനര വസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിച്ചു. ന്യൂഡല്‍ഹിയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ, (എന്‍.സി.ഡി.സി) ജോയന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, ന്യൂഡല്‍ഹിയിലെ ഡോ. ആര്.എം.എല്‍ ഹോസ്പിറ്റലിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. അരവിന്ദ് കുമാര്‍ അച്ഛ്റ, ഡെര്‍മറ്റോളജിസ്റ്റ് ഡോ.അഖിലേഷ് തോലേ, കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ മേഖലാ (കോഴിക്കോട്) അഡ്വൈസര്‍ ഡോ.പി. രവീന്ദ്രന് എന്നിവര്‍ക്കു പുറമെ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് കേന്ദ്രസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.