ഇടതിന്റെ കുത്തക; ലോക്സഭയിൽ വലത് ചായ്വ്
text_fieldsനാദാപുരം: വടകര ലോക്സഭ മണ്ഡലത്തിൽപെടുന്ന നാദാപുരം നിയോജക മണ്ഡലം ഇടതിന്റെ കുത്തകയാണെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിലേതിൽനിന്ന് വ്യത്യസ്തമായി 2009 മുതലുള്ള ലോക്സഭ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനൊടൊപ്പമാണ് നിൽക്കുന്നത്. 1962ൽ മാത്രമാണ് ഇവിടെനിന്ന് വലതുപക്ഷ സ്ഥാനാർഥി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അന്ന് മുസ് ലിം ലീഗിലെ ഹമീദലി ഷംനാടിനായിരുന്നു വിജയം. തുടർന്ന് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും സി.പി.ഐ നാദാപുരത്തെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇ.കെ. വിജയൻ നേടിയ 4,000ത്തിൽപരം വോട്ടിന്റെ ലീഡ് വീണ്ടും മെച്ചപ്പെടുത്തുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ.
എന്നാൽ, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ മണ്ഡലത്തിൽ നേടിയ 7,000ത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷം ഷാഫി മറികടക്കുമെന്നും യു.ഡി.എഫ് പ്രതീക്ഷവെക്കുന്നു. മണ്ഡലത്തിലെ പുതിയ വോട്ടിൽ ഭൂരിഭാഗവും തങ്ങൾക്കനുകൂലമാണെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം. 7,000ത്തോളം പുതിയ വോട്ടാണ് മണ്ഡലത്തിലുള്ളത്.
10 പഞ്ചായത്തുകൾ ചേർന്നതാണ് നാദാപുരം നിയോജക മണ്ഡലം. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ എന്നീ പാർട്ടികൾ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പക്ഷത്താണ്. ന്യൂനപക്ഷ വോട്ടുകൾ ഏറെ സ്വാധീനിക്കുന്ന മണ്ഡലത്തിൽ നിലവിലെ സാഹചര്യത്തിൽ യു.ഡി.എഫ് മേൽക്കൈ നേടുമെന്നും യുവാക്കളുടെയും കാമ്പസുകളിലെയും വോട്ടുകൾ ഷാഫിക്ക് അനുകൂലമാകുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു.
20,000ത്തോളം വോട്ടുകളാണ് ബി.ജെ.പി അവകാശപ്പെടുന്നത്. മുടവന്തേരിയിൽ പെരുന്നാൾ ദിനത്തിലുണ്ടായ സ്ഫോടനം എൽ.ഡി.എഫ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തിയിരുന്നു. പാനൂർ സ്ഫോടനം യു.ഡി.എഫും സജീവ ചർച്ചയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.