സരിതക്കും സ്വപ്നക്കും ശേഷം മോൻസൺ; കേരളരാഷ്ട്രീയം കാലുഷ്യത്തിലേക്ക്
text_fieldsതിരുവനന്തപുരം: മോൻസൺ കേസിൽ ഭരണ-പ്രതിപക്ഷ അങ്കം മുറുകുമ്പോൾ കേരള രാഷ്ട്രീയം കലുഷിത നാളുകളിലേക്ക്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ അറസ്റ്റുൾപ്പെടെ കടുത്ത നടപടികൾക്ക് സർക്കാർ കോപ്പുകൂട്ടുമ്പോൾ പ്രതിപക്ഷം പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ്. സരിത, സ്വപ്ന കേസുകൾ പോലെ മോൻസൺ കേസ് സംസ്ഥാന രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറുകയാണ്.
പാർട്ടികൾ അടുത്ത വർഷമാദ്യം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിലാണ് എന്നതിനാൽ പോരിന് വീര്യമേറും. സ്പീക്കറുടെ ചേംബർ ഉപരോധവും സംഘർഷവും പൊലീസ് കേസുമൊക്കെയായി നിയമസഭ ബജറ്റ് സമ്മേളനം ഏറക്കുറെ ബഹളമയമായിരുന്നു. മോൻസൺ കേസും പ്രതിപക്ഷ നേതാവിനെതിരായ വിജിലൻസ് കേസും വരാനിരിക്കുന്ന നിയമസഭ സമ്മേളനവും പ്രക്ഷുബ്ധമാകാനാണ് സാധ്യത. എതിർപക്ഷത്തെ പ്രമുഖരെ കേസിൽ തളച്ചിടുകയെന്ന തന്ത്രം കേരള രാഷ്ട്രീയത്തിൽ തുടർക്കഥയാകുന്നതിന്റെ സൂചനയാണ് പുതിയ സംഭവവികാസങ്ങൾ. സോളാർ കേസ്, സരിത നായർ എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി സർക്കാറിനെ ഇടതുപക്ഷം മുഖ്യമായും കടന്നാക്രമിച്ചത്.
മുഖ്യമന്ത്രിയെ മുൾമുനയിൽ നിർത്തിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പിണറായി വിജയനെതിരെ ലാവലിൻ കേസ് പൊടിതട്ടിയെടുത്താണ് ഉമ്മൻ ചാണ്ടി തിരിച്ചടിച്ചത്. ഭരണത്തിന്റെ അവസാന കാലത്ത് ലാവലിൻ കേസ് സി.ബി.ഐക്ക് വിട്ട് കുടുക്കാൻ ശ്രമമുണ്ടായെങ്കിലും പിണറായി അതു മറികടന്ന് തെരഞ്ഞെടുപ്പ് ജയിച്ച് മുഖ്യമന്ത്രി പദമേറി. സ്വർണക്കടത്ത് കേസും സ്വപ്ന സുരേഷും വന്നതോടെ പിണറായി വിജയനെ അതിൽ തളക്കാനായി യു.ഡി.എഫ് ശ്രമം. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന വലിയ കടന്നാക്രമണങ്ങളെ അതിജീവിച്ചാണ് പിണറായി ഭരണത്തുടർച്ച നേടിയത്.
പിണറായിയെ തളർത്തുകയാണ് തിരിച്ചുവരവിനുള്ള ആദ്യകടമ്പയെന്ന് കണക്കാക്കിയാണ് പ്രതിപക്ഷം ആരോപണങ്ങളുടെ കുന്തമുന മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും നേരെ തിരിച്ചുവെക്കുന്നത്. അതിനായി കഴമ്പുണ്ടെന്ന് കരുതാവുന്ന വിഭവങ്ങൾ തുടർച്ചയായി പ്രതിപക്ഷത്തിന് കിട്ടുകയും ചെയ്യുന്നു. എ.ഐ കാമറയും കെ-ഫോണുമുൾപ്പെടെ വിഷയങ്ങളിൽ പ്രതിപക്ഷം കളംനിറഞ്ഞ ഘട്ടത്തിലാണ് പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡന്റിനുമെതിരായ പഴയ കേസുകളിൽ തിടുക്കപ്പെട്ട് നടപടികളിലേക്ക് നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.