മാസപ്പടിക്ക് മറുമരുന്നായി മോൺസൺ; പ്രചാരണത്തിന് കൊഴുപ്പേകി അഴിമതിക്കഥകൾ
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ, മുഖ്യമന്ത്രിയെയും മകളെയും ലക്ഷ്യമിട്ടുള്ള കരിമണൽ മാസപ്പടിക്കേസിൽ പ്രതിരോധത്തിലായ എൽ.ഡി.എഫ് മുഖ്യ എതിരാളികളായ യു.ഡി.എഫിനുനേരെ സമാന ആയുധം പുറത്തെടുത്ത് പോരാട്ടത്തിനൊരുങ്ങുന്നു. പുരാവസ്തു തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ രണ്ടാംപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത് ഈ പശ്ചാത്തലത്തിലെന്നാണ് വിലയിരുത്തൽ.
കണ്ണൂരിൽ കെ. സുധാകരൻ വീണ്ടും മത്സരിക്കുമെന്ന റിപ്പോർട്ട് ശക്തമായതിനിടെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ കരിമണൽ മാസപ്പടി കേസ് പ്രതിപക്ഷം തെരഞ്ഞെടുപ്പിൽ ആവർത്തിച്ച് ഉന്നയിക്കുമെന്നുറപ്പാണ്. അപ്പോൾ തിരിച്ചടിക്കാനുള്ള ആയുധമാണ് സി.പി.എമ്മിന് കെ. സുധാകരനെതിരായ കേസ്.
പുരാവസ്തു കച്ചവടത്തിന്റെ പേരിൽ മോൺസൻ മാവുങ്കൽ കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മുതിർന്ന പൊലീസുകാരടക്കം ഉന്നതർക്ക് ബന്ധമുള്ള കേസിൽ അന്വേഷണം കാര്യമായി മുന്നോട്ടുപോയിട്ടില്ല. സുധാകരൻ ഉൾപ്പെട്ട പരാതിയിൽ മാത്രമാണ് വേഗത്തിലുള്ള അന്വേഷണവും കുറ്റപത്രം സമർപ്പണവും.
ഇക്കാര്യം പരാതിക്കാർതന്നെ പറഞ്ഞത് കേസിൽ സംസ്ഥാന സർക്കാറിന്റെ രാഷ്ട്രീയ താൽപര്യം വ്യക്തമാക്കുന്നുണ്ട്. 25 ലക്ഷം കൈമാറിയതിൽ 10 ലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പണം കൈപ്പറ്റിയതും പുരാവസ്തു തട്ടിപ്പിലെ പങ്കും കെ. സുധാകരൻ നിഷേധിച്ചു.
എന്നാൽ, ചിത്രങ്ങളും മറ്റും പരസ്യമായതിനാൽ മോൺസണുമായുള്ള അടുപ്പം നിഷേധിക്കാൻ കഴിഞ്ഞിട്ടില്ല. പരാതിക്കാരെ മോൺസന്റെ വീട്ടിൽ കണ്ടതും സമ്മതിക്കേണ്ടിവന്ന സുധാകരൻ, ചികിത്സക്കാണ് പോയതെന്ന വിശദീകരണമാണ് നൽകുന്നത്.
മോൺസൺ വ്യാജ ഡോക്ടറാണെന്നിരിക്കെ, ചികിത്സക്ക് പോയെന്ന വാദത്തിന് വേണ്ടത്ര ബലമില്ല. അതുകൊണ്ടുതന്നെ മോൺസൺ കേസ് സി.പി.എം ആയുധമാക്കിയാൽ സുധാകരനും കോൺഗ്രസിനും പ്രതിരോധം പ്രയാസമാണ്. ചുരുക്കത്തിൽ ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണം അഴിമതിക്കഥകളുടെ ചെളിയേറിനുകൂടി വേദിയാകുമെന്നുറപ്പായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.