മോൻസൺ മാവുങ്കൽ കേസ്: ഐ.ജി ജി. ലക്ഷ്‌മണിന് വീണ്ടും സസ്‌പെൻഷൻ
text_fieldsതിരുവനന്തപുരം: മോൻസൺ മാവുങ്കൽ കേസിലെ നാലാം പ്രതി ഐ.ജി ജി. ലക്ഷ്‌മണിനെ സർവിസിൽ നിന്ന് വീണ്ടും സസ്‌പെൻഡ് ചെയ്‌തു. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നടത്തിയ പ്രാഥമികാന്വേഷണത്തെ തുടർന്നാണ് നടപടി. സാമ്പത്തിക തട്ടിപ്പിൽ നാലാം പ്രതിയായ ലക്ഷ്മണിനെ കഴിഞ്ഞ മാസം 23ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
മോൻസൺ മാവുങ്കൽ സാമ്പത്തിക തട്ടിപ്പുകാരനാണെന്ന് ഐ.ജിക്ക് അറിയാമായിരുന്നെന്നും വ്യാജപുരാവസ്തുക്കൾ ഇടനിലക്കാരിയെ ഉപയോഗിച്ച് ഐ.ജി വിറ്റഴിക്കാൻ ശ്രമിച്ചെന്നുമാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.
ഔദ്യോഗിക വാഹനത്തിൽ ഗൺമാൻമാരുമായി നിരവധി തവണ ഐ.ജി മോൻസണിന്‍റെ കലൂരിലെയും ചേർത്തലയിലെയും വീടുകളിലെത്തി. വീട്ടിലെത്തുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം കാണിച്ച് മോൻസൺ ഇടപാടുകാരിൽ വിശ്വാസമുണ്ടാക്കി കൂടുതൽ തട്ടിപ്പുകൾ നടത്തി. ഇതുസംബന്ധിച്ച രണ്ട് വിഡിയോകൾ പരാതിക്കാരനായ യാക്കൂബ് പുരയിൽ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നുണ്ടാകാൻ പാടില്ലാത്ത ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഐ.ജി ലക്ഷ്മണിൽ നിന്നുണ്ടായതെന്നും സാമ്പത്തിക തട്ടിപ്പുകേസിൽ ഐ.ജി അറസ്റ്റിലായത് സേനയുടെ അന്തസ്സിനെ ഇടിച്ചുതാഴ്‌ത്തിയതായും പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ലക്ഷ്‌മണിനെ സസ്‌പെൻഡ് ചെയ്‌ത് ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉത്തരവിറക്കിയത്.
മോൻസണുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഒന്നരവർഷത്തോളം സസ്പെൻഷനിലായിരുന്ന ലക്ഷ്മണിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് തിരിച്ചെടുത്തത്. ലക്ഷ്മണിന്‍റെ സ്ഥാനക്കയറ്റവും തടഞ്ഞുവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.