മോൻസൻ മാവുങ്കൽ കേസ്: കെ. സുധാകരന്റെ അറസ്റ്റ് ഹൈകോടതി താൽക്കാലികമായി തടഞ്ഞു
text_fieldsകൊച്ചി: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ അറസ്റ്റ് ഹൈകോടതി തൽക്കാലത്തേക്ക് തടഞ്ഞു. മുൻകൂർ ജാമ്യഹരജി ഫയലിൽ സ്വീകരിച്ച കോടതി, ഹരജി പരിഗണിക്കുന്നത് 21ലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്.
പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി സുധാകരൻ ഹൈകോടതിയെ സമീപിച്ചത്. 23ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറസ്റ്റിനുള്ള സാധ്യതയുണ്ടെന്നും സുധാകരൻ ഇന്ന് കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് കോടതി തേടിയപ്പോൾ സുധാകരൻ സത്യസന്ധനാണെങ്കിൽ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലല്ലോ എന്നായിരുന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ മറുപടി. അറസ്റ്റിനുള്ള സാധ്യത തള്ളാതെയാണ് സർക്കാർ ഇന്ന് കോടതിയിൽ മറുപടി നൽകിയത്. സുധാകരന്റെ ഹരജി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം കേൾക്കാനായി കേസ് ബുധനാഴ്ചയിലേക്ക് മാറ്റി. അതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കരുതെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ നിർദേശിച്ചു.
കേസിൽ സുധാകരനെതിരായ കൂടുതൽ തെളിവുകൾ പരാതിക്കാർ ഇന്ന് കൈമാറിയേക്കും. കൂടുതൽ തെളിവുകൾ ലഭിച്ചാൽ വിശദമായ തുടരന്വേഷണത്തിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെ. സുധാകരൻ എം.പിക്കെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നത്. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബർ 22ന് മോന്‍സന്‍റെ കലൂരിലുള്ള വീട്ടിൽ വെച്ച് പണം കൈമാറിയെന്നാണ് പരാതിക്കാർ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.