വടക്ക് കിഴക്കൻ മൺസൂൺ എത്തുന്നു
text_fieldsപത്തനംതിട്ട: ഇടിയും മിന്നലും കൂട്ടിനെത്തുന്ന മഴക്കാലം സമ്മാനിക്കുന്ന വടക്ക് കിഴക്കൻ മൺസൂൺ അഥവാ തുലാവർഷത്തിനു അടുത്ത ദിവസം തുടക്കമാകും.
ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന തെക്ക് പടിഞ്ഞാറൻ മൺസൂൺ രാജ്യത്തുനിന്ന് ബുധനാഴ്ച പിൻവാങ്ങിയതായി ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വടക്ക് കിഴക്കൻ മൺസൂണിൽ തെക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴ ലഭിക്കുക.
ഇത്തവണ തരക്കേടില്ലാത്ത മഴ സമ്മാനിച്ചാണ് തെക്ക് പടിഞ്ഞാറൻ മൺസൂൺ അവസാനിച്ചത്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30വരെ 1855.9 മില്ലിമീറ്റർ മഴ ലഭിച്ചു. 2039.7 മില്ലിമീറ്ററാണ് സാധാരണ കിട്ടുന്നത്. നേരിയ കുറവ് മാത്രമാണുണ്ടായത്. തുടർന്നുള്ള ദിവസങ്ങളിലും തരക്കേടില്ലാത്ത മഴ ലഭിച്ചു. ഒക്ടോബർ ഒന്ന് മുതൽ ബുധനാഴ്ചവരെ 180.18 മില്ലിമീറ്റർ രേഖപ്പെടുത്തി. സാധാരണ 238.4 മില്ലിമീറ്റർ മഴയാണ് ഇൗ കാലയളവിൽ ലഭിക്കേണ്ടത്.
കഴിഞ്ഞ തവണ തുലാംമഴ പ്രതീക്ഷിച്ചതുപോലെ പെയ്തില്ലെങ്കിലും ഇത്തവണ തരക്കേടില്ലാത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം തുലാം മഴയിൽ 62 ശതമാനത്തിെൻറ കുറവാണുണ്ടായത്. 480.7 മില്ലിമീറ്റർ മഴ പെയ്യേണ്ടയിടത്ത് ലഭിച്ചത് 185മില്ലിമീറ്റർ മാത്രമായിരുന്നു.
ഇത്തവണ ഇപ്പോൾ തന്നെ 180 മില്ലിമീറ്റർ മഴ പെയ്തു കഴിഞ്ഞു. മഴ ശക്തമായത് ജലസംഭരണികളിലെ ജലനിരപ്പ് ഉയരാനും കാരണമായി. 2014ന് ശേഷമുള്ള ഉയർന്ന ജലനിരപ്പാണ് ഇപ്പോഴത്തേത്. കെ.എസ്.ഇ.ബിയുടെ ഡാമുകളുടെ സംഭരണശേഷിയുടെ 70 ശതമാനം വെള്ളമുണ്ട്. ഇടുക്കിയിൽ 65, പമ്പയിൽ 73, ഷോളയാറിൽ 93, ഇടമലയാറിൽ 77 ശതമാനം വീതമാണ് ജലനിരപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.