കാറ്റും മഴയും: ഏഴു മരണം കൂടി
text_fieldsതിരുവനന്തപുരം: ശക്തമായി തുടരുന്ന കാലവർഷത്തിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി ഏഴുപേർ കൂടി മരിച്ചു. ഇടുക്കി ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെ, അംഗൻവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് മൂന്നും ആലപ്പുഴയിൽ രണ്ടും ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഒരാൾ വീതവുമാണ് മരിച്ചത്. തിരുവനന്തപുരം പോത്തൻകോട് കാട്ടായിക്കോണം മടവൂർപാറ കീഴേവിളവീട്ടിൽ ശശിധരൻ (75), ബാലരാമപുരം പുന്നയ്ക്കാട് പൊന്നമ്മ (65), കുളത്തൂർ വെങ്കടമ്പ് വാത്തിക്കുഴി വിഷ്ണുമന്ദിരത്തിൽ കൃഷ്ണകുമാരി (45), ആലപ്പുഴ കായിപ്പുറം തോട്ടുങ്കൽ വിനു (42), ചെങ്ങന്നൂർ പാണ്ഡനാട് കുന്നുകണ്ടത്തിൽ സുരേഷ് കുമാർ (41), പത്തനംതിട്ട ഇടയാറന്മുള എരുമക്കാട് പാറപ്പാട്ട് പുത്തൻവീട്ടിൽ അജീഷിെൻറ മകൻ അക്ഷയ് (8), ഇടുക്കി അടിമാലി പറക്കുടിസിറ്റി കോമയിൽ ബിജു (47) എന്നിവരാണ് മരിച്ചത്.
കാറ്റിലും മഴയിലും സംസ്ഥാനത്ത് 37 വീടുകൾ പൂർണമായും 705 വീടുകൾ ഭാഗികമായും തകർന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ വീട് തകർന്നത്, 18 എണ്ണം പൂർണമായും 297 എണ്ണം ഭാഗികമായും. പത്തനംതിട്ട-121, ഇടുക്കി- 61, മലപ്പുറം- 43, കൊല്ലം- 41 വീടുവീതം തകർന്നു. ഇതിെൻറ മൂന്നിരട്ടിയിലധികം വീട് തകർന്നതായാണ് അനൗദ്യോഗിക കണക്ക്.
അടുത്ത രണ്ടുദിവസം ശക്തമായ മഴക്കും (ഏഴ്-11 സെ.മീ വരെ) 13ന് ചില സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും (12- 20 സെ.മീ വരെ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരത്ത് മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കീലോമീറ്റർ വേഗത്തിലും കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറുഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും മറ്റിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
തൃശൂർ മേത്തലയിൽ തെങ്ങുവീണ് പ്ലസ്ടു വിദ്യാർഥിക്കും മാതാവിനും പരിക്കേറ്റു. ചിത്തിരവളവ് അറയ്ക്കൽ ബഷീറിെൻറ ഭാര്യ സുനിത (38), മകൻ റംഷാദ് (17) എന്നിവർക്കാണ് പരിക്കേറ്റത്. കാറ്റിൽ മരംവീണ് വലപ്പാട്ട് വീട് പൂർണമായി തകർന്നു. ജില്ലയിൽ 21 വീടുകൾ ഭാഗികമായി തകർന്നു.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമിെൻറ ഷട്ടറുകള്‍ തുറന്നതിനാൽ ചാലക്കുടി പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെ, അംഗൻവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളിമാലിയിലും വാളറയിലും ഉരുൾപൊട്ടി മൂന്നേക്കർ കൃഷിയിടം ഒലിച്ചുപോയി.
കോട്ടയത്ത് മരം കടപുഴകി 75ലധികം വീടുകളും 25 വൈദ്യുതി പോസ്റ്റുകളും തകർന്നു. തിരുവാതുക്കൽ, മാണിക്കുന്നം, നാട്ടകം, പള്ളം, പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ മേഖലകളിലാണ് നാശംവിതച്ചത്. മീനച്ചിലാർ നിറഞ്ഞൊഴുകുന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
എറണാകുളം ജില്ലയിൽ 13 വീടുകൾക്ക് നാശനഷ്ടമുണ്ടായി. കോഴിക്കോട് കൊയിലാണ്ടിയിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. വയനാട്ടിൽ പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വൈത്തിരി എന്നിവിടങ്ങളിൽ കൺട്രോൾ റൂം തുറന്നു. മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തിൽ ഗതാഗത വകുപ്പ് ഒാഫിസിന് മുകളിൽ മരംവീണ് അന്തർ സംസ്ഥാന പാതയിൽ മൂന്ന് മണിക്കൂർ ഗതാഗതം മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.