മാസപ്പടി: സി.പി.ഐക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാട്, ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കും-വി.ഡി സതീശൻ
text_fieldsആലപ്പുഴ: പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ടു പോകുന്നതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ കേസില്‍ സി.പി.ഐ വ്യത്യസ്ത നിലപാട് സ്വീകരിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സി.പി.ഐ നേതാക്കള്‍ക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണുള്ളത്. ഓരോ ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കും. ബിനോയ് വിശ്വത്തിന്റെ നിലപാട് എത്ര ദിവസം നിലനില്‍മെന്ന് അറിയില്ല.
പാര്‍ട്ടിയിലും മുന്നണിയിലും അസ്വസ്ഥതകള്‍ പുകയുന്നു എന്നതിന്റെ ഉദാഹരണമാണിത്. പിണറായി വിജയനെ ഭയന്ന് സി.പി.എം നേതാക്കള്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് മത്സരിച്ച് പിന്തുണ നല്‍കുകയാണ്. കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കേസ് വന്നപ്പോള്‍ ഈ നിലപാട് അല്ലല്ലോ സി.പി.എം സ്വീകരിച്ചത്.
അധികാരത്തിന്റെ കൂടെ നില്‍ക്കാനാണ് ഇപ്പോള്‍ സി.പി.എം നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതേ നിലപാട് തന്നെയാണ് ബിനോയ് വിശ്വവും ആദ്യം സ്വീകരിച്ചത്. പിന്നീട് പാര്‍ട്ടി യോഗം ചേര്‍ന്നപ്പോഴാണ് പുതിയ അഭിപ്രായം വന്നത്. സ്തുതിപാടക സംഘം മത്സരിച്ച് സ്തുതി പാടുന്ന കാലത്താണ് ഇതൊക്കെ നടക്കുന്നത്. എല്ലാം കാരണഭൂതനാണെന്ന് പറയുന്ന ഒരു കാലത്ത് ജീവിക്കുമ്പോള്‍ അതിന് എതിരെ ചോദ്യം ഉന്നയിക്കാന്‍ ആരെങ്കിലുമെക്കെ വരട്ടെ.
മകള്‍ക്കെതിരായ കേസിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന നിലപടാണ് പ്രതിപക്ഷം സ്വീകരിച്ചത്. സി.പി.ഐയും അതേ നിലപാട് സ്വീകരിച്ചാല്‍ പിന്തുണക്കും. അവര്‍ ആ നിലപാട് സ്വീകരിക്കുമോയെന്ന് അറിയില്ല. മകളുടെ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി മാധ്യമങ്ങളോട് ക്ഷുഭിതനായി. മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ള ചോദ്യങ്ങളല്ല മാധ്യമങ്ങള്‍ ചോദിക്കുന്നത്. യോഗത്തിലും പത്രസമ്മേളനത്തിലും മുഖ്യമന്ത്രി ഇങ്ങനെ ക്ഷുഭിതനാകരുത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന് എതിരെ സി.ബി.ഐ അന്വേഷണം ഉത്തരവിട്ടുള്ള ഹൈക്കോടതി വിധി മുഖ്യമന്ത്രിക്ക് കൂടിയുള്ള ആഘാതമാണ്. നേരത്തെ ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പ്രാഥമിക തെളിവുകള്‍ ഉണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് അന്വേഷണം നടത്തി കെ.എം. എബ്രഹാമിനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ഹൈക്കോടതി വിധിയിലുള്ളത്.
ഇതൊക്കെ ചോദിക്കാതിരിക്കാനാണ് മുഖ്യമന്ത്രി ക്ഷുഭിതനാകുന്നത്. എക്‌സാലോജിക്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കാര്യത്തിലും മുനമ്പത്തെ ജനങ്ങളെ വഖഫ് ബോര്‍ഡ് വഞ്ചിച്ചതിലും മുഖ്യമന്ത്രി മറുപടി പറയണം. സംഘ്പരിവാറിന്റെ അജണ്ടയ്ക്ക് മുഖ്യമന്ത്രി കുടചൂടിക്കൊടുക്കുകയാണ്. അതാണ് ആലപ്പുഴയിലും കണ്ടത്. കേരളത്തിന് വേണ്ടി മുഖ്യമന്ത്രി അതില്‍ നിന്നും പിന്മാറണം.
സുപ്രീം കോടതി വിധിയെ കുറിച്ച് ഗവര്‍ണര്‍ നടത്തിയ പ്രതികരണം ഖേദകരമാണ്. ഭരണഘടനയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ് ഗവര്‍ണറുടെ പരാമര്‍ശം. ഒരു ഭരണഘടനാ സ്ഥാപനം മറ്റൊരു ഭരണഘടനാ സ്ഥാപനത്തിനെതിരെ പ്രതികരിച്ചത് അനുചിതമായിപ്പോയി.
വയനാട്ടിലെ ഡി.സി.സി ട്രഷററുടെ കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ എം.വി ഗേവിന്ദന് എന്താണ് കാര്യം? എം.വി ഗോവിന്ദന് വേറെ ഒരുപാട് കാര്യങ്ങള്‍ തീര്‍ക്കാനുണ്ട്. ആദ്യം അതു പോയി തീര്‍ക്ക്. ഇത് ഞങ്ങള്‍ നോക്കിക്കോള്ളാമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.