മൂഫിയയുടെ ആത്മഹത്യ; സസ്പെൻഷനിലായിരുന്ന ഇൻസ്പെക്ടറെ തിരിച്ചെടുത്തു
text_fieldsതിരുവനന്തപുരം: ആലുവയിൽ നിയമ വിദ്യാര്‍ഥിനി മൂഫിയ പർവീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ സസ്പെഷൻഷനിലായിരുന്ന ഇന്‍സ്‌പെക്ടര്‍ സി.എല്‍. സുധീറിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു. ആലപ്പുഴ ആര്‍ത്തുങ്കല്‍ കോസ്റ്റല്‍ സ്‌റ്റേഷനിലാണ് തിരികെ ജോലിയിൽ പ്രവേശിക്കുന്നത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരിക്കെയാണ് സുധീര്‍ സസ്‌പെന്‍ഷനിലായത്. സസ്പെൻഷനിലായി ആറുമാസം തികയും മുൻപാണ് ജോലിയിൽ പ്രവേശിക്കുന്നത്.
നവംബര്‍ 23ന് രാവിലെയാണ് നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന മൂഫിയ പര്‍വീണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊടുപുഴയില്‍ സ്വകാര്യ കോളജില്‍ എല്‍. എല്‍. ബി വിദ്യാര്‍ഥിയായിരുന്നു മൂഫിയ. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.
സംഭവത്തിൽ മൂഫിയയുടെ കുടുംബം ആലുവ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. മൂഫിയയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തി പൊലീസ് സ്റ്റേഷനില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും സി.ഐ സുധീര്‍ അധിക്ഷേപിച്ചു എന്നാണ് മൂഫിയയയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.
സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മൂഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. മൂഫിയയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സി.ഐ സുധീറിന് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.