മൂക്കന്നൂര്‍ കൂട്ടക്കൊല; പ്രതി ബാബുവിന് വധശിക്ഷ കൊല ചെയ്തത് സഹോദരന് അടക്കം മൂന്നുപേരെ
text_fieldsകൊച്ചി: മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരന് അടക്കം മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലാണ് മൂക്കന്നൂര്‍ എരപ്പ് സ്വദേശി ബാബുവിനെ (47) എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. സോമന് ശിക്ഷിച്ചത്. വധശിക്ഷക്കുപുറമെ പ്രതി ഇരട്ട ജീവപര്യന്തവും 50.3 വര്‍ഷം തടവും 4.20 ലക്ഷം രൂപ പിഴ അടക്കാനും നിര്‍ദേശമുണ്ട്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷവും ആറുമാസവും അധികതടവ് അനുഭവിക്കണം.
ശിക്ഷാവിധിയില്‍ ജീവപര്യന്തം തടവ് ആദ്യം അനുഭവിക്കാനാണ് കോടതിയുടെ നിര്‍ദേശം. പ്രതി ഇതുവരെ ജയിലില്‍ കഴിഞ്ഞ 2179 ദിവസം ശിക്ഷാകാലയളവില്‍നിന്ന് കുറവ് ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 12നാണ് സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് എരപ്പ് സെന്റ് ജോര്‍ജ് കപ്പേളക്കുസമീപം അറക്കല്‍ ശിവന് (62), ശിവന്റെ ഭാര്യ വത്സല (58), ഇവരുടെ മൂത്ത മകളും കുന്നപ്പിള്ളി വീട്ടില്‍ സുരേഷിന്റെ ഭാര്യയുമായ സ്മിത (30) എന്നിവരെ കൊലപ്പെടുത്തിയത്.
സ്മിതയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഇവരുടെ ഇരട്ടക്കുട്ടികളായ അശ്വിന്, അപര്‍ണ എന്നിവരെയും വെട്ടിപ്പരിക്കേല്പിച്ചു. തുടര്‍ന്ന്, കൊരട്ടിയിലെ ക്ഷേത്രക്കുളത്തില്‍ സ്കൂട്ടറുമായി ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നാട്ടുകാരും പൊലീസും ചേര്‍ന്ന് കരക്കു കയറ്റുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സഹോദര പുത്രിയായ സ്മിതയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് വധശിക്ഷ. ശിവനെയും ഭാര്യ വത്സലയെയും കൊലപ്പെടുത്തിയ കുറ്റത്തിന് ഇരട്ട ജീവപര്യന്തം തടവും വിധിച്ചു. കുടുംബസ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട വില്പത്രത്തെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്.
തുടർന്ന് ശിവനെ വീട്ടുമുറ്റത്തുവെച്ചും വത്സലയെ വീട്ടിനകത്തുവെച്ചും സ്മിതയെ കുളിമുറിയില്വെച്ചുമാണ് പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. ശിക്ഷാവിധിക്കുശേഷം പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. പ്രതി പിഴത്തുക നല്കുകയാണെങ്കില് അത് സ്മിതയുടെ മക്കള്‍ അടക്കമുള്ളവര്‍ക്ക് നല്‍കാനാണ് നിര്‍ദേശം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബിന്ദു ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.