മറഞ്ഞെങ്കിലും മായാതെ ആര്യാടൻ; മൂലമറ്റം രണ്ടാം വൈദ്യുതി നിലയം: അന്നത്തെ റിപ്പോർട്ട്, ഇന്നത്തെ പദ്ധതി
text_fieldsമൂലമറ്റം: മൂലമറ്റം രണ്ടാം വൈദ്യുതി നിലയമെന്ന നിർദേശം കെ.എസ്.ഇ.ബിയുടെ പരിഗണനക്ക് അയച്ചത് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്. വൈദ്യതി മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് മൂലമറ്റത്ത് രണ്ടാം വൈദ്യുതി നിലയത്തിന്‍റെ ആലോചന നടക്കുന്നത്. അന്ന് മൂലമറ്റം നിലയത്തിലെ എക്സിക്യൂട്ടിവ് എൻജിനീയറായിരുന്നു ആദ്യമായി രണ്ടാം നിലയം എന്ന ആശയം മുന്നോട്ട് വെക്കുന്നത്.
ഈ നിർദേശം ഭരണപക്ഷ യൂനിയൻ നേതാവിന്‍റെ ശ്രദ്ധയിൽപെടുത്തുകയും അദ്ദേഹം മുഖേന ആര്യാടന്‍റെ ശ്രദ്ധയിൽ എത്തിക്കുകയുമായിരുന്നു. ഉടൻ വിശദവിവരം അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ യൂനിയൻ നേതാവ് വഴി എക്സിക്യൂട്ടിവ് എൻജിനീയറോട് ആവശ്യപ്പെട്ടു. അന്ന് ആര്യാടന് സമർപ്പിച്ച ആ റിപ്പോർട്ടാണ് ഇപ്പോൾ രണ്ടാം വൈദ്യുതി നിലയം എന്ന പദ്ധതിയിൽ എത്തിനിൽക്കുന്നത്.ശേഷം വൈദ്യുതി മന്ത്രിയായ വന്ന എം.എം. മണിയും കെ. കൃഷ്ണൻകുട്ടിയും നടപടികളുമായി മുന്നോട്ടുപോയി.
നിലവിൽ നിലയത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ച് പദ്ധതി മുന്നോട്ട് കുതിക്കുകയാണ്.ഇനി കേന്ദ്രത്തിന്‍റെ ഉൾപ്പെടെ മറ്റ് എട്ടോളം അനുമതികൂടി ലഭിച്ചാൽ നിർമാണം ആരംഭിക്കാനാകും. ഈ വർഷം ഡിസംബറോടെ എല്ലാ പഠനങ്ങളും അനുമതികളും പൂർത്തിയാക്കി വാപ്കോസ് സർക്കാറിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.നിലവിലെ നിലയത്തിന്‍റെ സുവർണ ജൂബിലി വർഷമായ 2028ൽ രണ്ടാം നിലയത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുംവിധം പദ്ധതി പൂർത്തീകരിക്കുകയാണ് വൈദ്യുതി വകുപ്പിന്‍റെ ലക്ഷ്യം. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ ഒന്നും രണ്ടും ഭൂഗർഭ നിലയങ്ങൾ മൂലമറ്റത്തിന് സ്വന്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.