മൂലമറ്റം വൈദ്യുതി നിലയത്തിലേത് കാലാവധി കഴിഞ്ഞ ഉപകരണങ്ങൾ ജനറേറ്ററുകളും യന്ത്രസാമഗ്രികളും പഴയത്
text_fieldsചെറുതോണി: മൂലമറ്റത്ത് ഇപ്പോഴും പ്രവർത്തിക്കുന്നത് കാലാവധി കഴിഞ്ഞ ജനറേറ്ററുകളും കാലപ്പഴക്കം ചെന്ന യന്ത്രസാമഗ്രികളും. 15 വർഷത്തിനുള്ളിൽ ജനറേറ്ററുകളുമായി ബന്ധപ്പെട്ട് 58 തകരാറുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 130മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററാണ് മൂലമറ്റം പവർ ഹൗസിലുള്ളത്.
1976ൽ ഒന്നാം ഘട്ടത്തിൽ മൂന്ന് ജനറേറ്ററും 1985ൽ രണ്ടാം ഘട്ടത്തിൽ മൂന്ന് ജനറേറ്ററും സ്ഥാപിച്ചു. കനേഡിയൻ കമ്പനിയായ ജനറൽ ഇലക്ട്രിക്കൽസിെൻറ ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചത്. ഒരു ജനറേറ്ററിൽനിന്ന് ഒരു വർഷം ശരാശരി 350 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. 2007-08 വർഷത്തിൽ മാത്രം പവർ ഹൗസിലെ ഒരു ജനറേറ്ററിൽനിന്ന് 600 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ച ചരിത്രവുമുണ്ട്. ഒരു വർഷം ശരാശരി 4300 മണിക്കൂർ വരെയാണ് ഒരു ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത്. ചില വർഷങ്ങൾ 7000 മണിക്കൂർ വരെ പ്രവർത്തിപ്പിച്ചിട്ടുമുണ്ട്. 2005 ഫെബ്രുവരി 15ന് മൂന്നാം നമ്പർ ജനറേറ്ററിെൻറ വൈൻഡിങ് കത്തിനശിച്ചതാണ് ആദ്യത്തെ തകരാർ.
2011 ജൂൺ 20ന് അഞ്ചാം നമ്പർ ജനറേറ്ററിലെ സർജ് കപ്പാസിറ്ററും മിന്നൽ രക്ഷാചാലകവും പൊട്ടിത്തെറിച്ചതാണ് ജനറേറ്ററുമായി ബന്ധപ്പെട്ട് വൈദ്യുതി നിലയത്തിലുണ്ടായ പ്രധാന അപകടം. പിന്നീട് മൂന്നാം നമ്പർ ജനറേറ്ററിെൻറ വൈൻഡിങ് കത്തിനശിച്ചതിലുണ്ടായ തകരാർ പരിഹരിക്കാൻ ആറുമാസം വേണ്ടിവന്നു. ആരംഭകാലത്ത് ഒരു ജനറേറ്ററിെൻറ വാർഷിക അറ്റകുറ്റപ്പണി തീർത്തത് ഒന്നരമാസംകൊണ്ടാണ്.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ തുടങ്ങിയ കാലഘട്ടങ്ങളിൽ തിടുക്കപ്പെട്ട് 20 ദിവസംകൊണ്ട് പണികൾ തീർത്തിട്ടുണ്ട്. പവർ ഹൗസിലെ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് കളമശ്ശേരിയിലെ ലോഡ് ഡെസ്പാച്ച് വിഭാഗം നിർദേശിക്കുന്നതനുസരിച്ചാണ്. ജനറേറ്ററിെൻറ പരമാവധി കാലാവധി 25 വർഷമാണെന്ന് നിർമാതാക്കളായ ജനറൽ ഇലക്ട്രിക്കൽ അറിയിച്ചിട്ടുള്ളതാണ്. ഒരു ജനറേറ്ററിെൻറ കാലയളവിൽ പരമാവധി രണ്ടുലക്ഷം മണിക്കൂർ പ്രവർത്തിപ്പിക്കാൻ കമ്പനി കരാറിൽ പറയുമ്പോൾ മൂന്നര ലക്ഷത്തോളം മണിക്കൂർ പിന്നിട്ടുകഴിഞ്ഞു ഇൗ മെഷീനുകൾ.
1974--75 കാലഘട്ടത്തിൽ രൂപകൽപനചെയ്ത ജനറേറ്ററുകളാണ് പവർ ഹൗസിലേത്. രാജ്യത്ത് ഏറ്റവും പഴക്കം ചെന്ന ജനറേറ്ററുകൾ ഉള്ളത് മൂലമറ്റം പവർ ഹൗസിലാണെന്ന് വിദഗ്ധർ പറയുന്നു. ജനറേറ്ററുകൾ മാറ്റിസ്ഥാപിക്കുന്നതിനു പകരം നവീകരണമാണ് അടുത്തകാലത്ത് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.