മൂലമറ്റത്ത് വൈദ്യുതോൽപാദനം ഉയർത്തി; മലങ്കര അണക്കെട്ടിൽ ജലസമൃദ്ധി
text_fieldsമുട്ടം: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂലമറ്റം നിലയത്തിൽ വൈദ്യുതോൽപാദനം വർധിപ്പിച്ചതോടെ മലങ്കര അണക്കെട്ടിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു. ഇതോടെ, മാസങ്ങളായി വരണ്ടുകിടന്ന ഇടത്--വലത് കര കനാലുകളും നിറഞ്ഞ് ഒഴുകിത്തുടങ്ങി. കനാലിെൻറ ഇരുവശങ്ങളിലും വസിക്കുന്നവർക്കും കൃഷിക്കാർക്കും ഇത് ആശ്വാസമായി. കനാലിന് സമീപത്തെ കിണറുകളും ഇനി ജലസമൃദ്ധമാകും.
കേന്ദ്രപൂളിൽനിന്ന് വൈദ്യുതി ലഭിക്കുന്നതിൽ കുറവ് നേരിട്ടതിനാൽ മൂലമറ്റത്തെ വൈദ്യുതി ഉൽപാദനം ഇരട്ടിയിലധികമായി വർധിപ്പിച്ചിരുന്നു. ശരാശരി നാല് ദശലക്ഷം യൂനിറ്റായിരുന്ന പ്രതിദിന ഉൽപാദനം 9.76 ദശലക്ഷം യൂനിറ്റാക്കിയാണ് വർധിപ്പിച്ചത്. മൂലമറ്റത്ത് ഉൽപാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളമാണ് മലങ്കരയിലെത്തുന്നത്. ഇതാണ് ഡാമിൽ ജലത്തിെൻറ അളവ് ഇരട്ടിയാകാൻ കാരണം. 42 മീറ്ററാണ് മലങ്കര ഡാമിെൻറ പരമാവധി സംഭരണശേഷി.
ബുധനാഴ്ച 41.20 മീറ്ററും ചൊവ്വാഴ്ച 41.36 മീറ്ററും എത്തിയിരുന്നു. ഇതോടെ, മലങ്കര നിലയത്തിലും വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു. 5.20 മെഗാവാട്ട് വൈദ്യുതിയാണ് ബുധനാഴ്ച മലങ്കരയിൽ ഉൽപാദിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി ഉൽപാദനം 3.5 മെഗാവാട്ടായിരുന്നു. അടുത്ത രണ്ട് ദിവസംകൂടി മൂലമറ്റത്തെ വൈദ്യുതി ഉൽപാദനം കൂടിയതോതിൽ ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.