ഉയിർത്തെഴുന്നേൽപ്പുനാളിൽ മൂലമ്പിള്ളി ഇരകൾ പ്രതിഷേധത്തെരുവിൽ
text_fieldsകൊച്ചി: ഈസ്റ്ററും വിഷുവുമുൾെപ്പടെ ആഘോഷങ്ങളൊന്നും വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കായി കുടിയൊഴിക്കപ്പെട്ട കുടുംബങ്ങൾക്ക് അത്ര നിറമുള്ള ദിനമല്ല സമ്മാനിക്കുന്നത്. വമ്പൻ പദ്ധതിക്കായി സ്വന്തം വീടുകളിൽനിന്ന് കുടിയൊഴിക്കപ്പെട്ടിട്ട് 13 വർഷമായിട്ടും കൃത്യമായൊരു പുനരധിവാസം ലഭിക്കാത്ത ഇവർ ഈ ഈസ്റ്റർ ദിനത്തിലും പ്രതിഷേധത്തെരുവിലായിരുന്നു.
2008 ഫെബ്രുവരിയിൽ വല്ലാർപാടം പദ്ധതിക്കായി മൂലമ്പിള്ളിയിൽനിന്നും പരിസരപ്രദേശത്തുനിന്നുമായി കുടിയൊഴിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസത്തിനായി രൂപവത്കരിച്ച മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇരകൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. 2008 ഫെബ്രുവരിയിൽ വഴിയാധാരമാക്കപ്പെട്ട ഇവർ ഒന്നരമാസത്തോളം നടത്തിയ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് സർക്കാർ മൂലമ്പിള്ളി പാക്കേജ് എന്ന പേരിൽ പുനരധിവാസ പാക്കേജ് അവതരിപ്പിച്ചത്.
എന്നാൽ, നഷ്ടപരിഹാരമായി അനുവദിച്ച ഭൂമിയിൽ 90 ശതമാനത്തോളം വെള്ളത്തിലാണ്. 60 കുടുംബങ്ങൾ മാത്രമാണ് ചെറിയ തോതിലെങ്കിലും പുനരധിവസിക്കപ്പെട്ടത്. 250ഓളം കുടുംബങ്ങളും വാടകക്കോ പണയത്തിനോ ആണ് ജീവിതം തള്ളിനീക്കുന്നത്. നിർമിച്ച വീടുകളിൽ പലതും വിള്ളലും ചരിവും വന്ന് അപകടാവസ്ഥയിലുമാണ്. മാറിമാറി വരുന്ന സർക്കാറുകൾ പുനരധിവാസത്തിനായി ഒന്നും ചെയ്യാത്ത, വികസനത്തിനായി വോട്ട് അഭ്യർഥിക്കുന്ന മുന്നണികൾ പോലും തിരിഞ്ഞുനോക്കാത്ത സാഹചര്യത്തിലാണ് ഇരകൾ എറണാകുളം മേനക ജങ്ഷനിൽ പ്രതിഷേധിച്ചത്.
റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഈസ്റ്റർ പോലുള്ള സുദിനങ്ങളിൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ തെരുവിൽ സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം പരിഷ്കൃത സമൂഹത്തിന് അപമാനകരമാണെന്നും മുന്നണികളുടെ പ്രകടനപത്രികകളിൽ വികസനത്തിനുവേണ്ടി ഇരയാകുന്നവരെ സംരക്ഷിക്കാനുള്ളതൊന്നും കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കോഓഡിനേഷൻ കമ്മിറ്റി ജന. കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ അധ്യക്ഷത വഹിച്ചു.
ഫാ.പ്രശാന്ത് പാലയ്ക്കാപ്പിള്ളി കേക്ക് മുറിച്ച് കുടിയൊഴിക്കപ്പെട്ടവർക്ക് നൽകി. പ്രഫ. കെ. അരവിന്ദാക്ഷൻ, കെ. രജികുമാർ, വി.പി. വിത്സൻ, സാബു ഇടപ്പിള്ളി, മൈക്കിൾ കോതാട്, പി.എസ്. രാമകൃഷ്ണൻ, ജോർജ് അമ്പാട്ട്, ആൻറണി എം.പി, ഷിജി വടുതല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.