തോമസ് പ്രഥമൻ ബാവക്ക് ഇന്ന് നാട് വിടയേകും
text_fieldsകൊച്ചി: യാക്കോബായ വിഭാഗം കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവക്ക് ശനിയാഴ്ച നാട് വിടയേകും. കാൽ നൂറ്റാണ്ട് തന്റെ കർമ മണ്ഡലമായിരുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിനോട് ചേർന്നാണ് ബാവക്ക് അന്ത്യവിശ്രമമൊരുക്കുന്നത്. ബാവ തന്നെ മുൻകൈ എടുത്താണ് സഭാ ആസ്ഥാനമായ പാത്രിയാർക്കാ സെൻററും കത്തീഡ്രലും സ്ഥാപിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ കോതമംഗലം ചെറിയ പള്ളിയിലെത്തിച്ച ഭൗതിക ശരീരത്തിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. തുടർന്ന്, വൈകീട്ട് കോതമംഗലത്തുനിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി സഭാ ആസ്ഥാനമായ പുത്തൻകുരിശിലെത്തിച്ചു.
പതിറ്റാണ്ടുകളോളം തങ്ങളെ നയിച്ച വലിയ ഇടയനെ ഒരു നോക്കുകാണാനും ആദരാഞ്ജലിയർപ്പിക്കാനും വഴിയിലുടനീളം വിശ്വാസികളടക്കം ആയിരങ്ങളാണ് കാത്തുനിന്നത്. കോതമംഗലത്തുനിന്ന് മൂവാറ്റുപുഴ, കോലഞ്ചേരി വഴിയാണ് സഭാ ആസ്ഥാനത്തേക്ക് ബാവയുടെ ഭൗതികശരീരമെത്തിച്ചത്.
വെള്ളിയാഴ്ച വൈകീട്ടും പ്രമുഖരടക്കം നിരവധിപേർ സഭാ ആസ്ഥാനത്തെത്തി ആദരാഞ്ജലികളർപ്പിച്ചു. കബറടക്ക ചടങ്ങുകൾക്ക് മുന്നോടിയായി ശനിയാഴ്ച രാവിലെ എട്ടിന് പാത്രിയാർക്കാ സെൻറർ കത്തീഡ്രലിൽ കുർബാന നടക്കും. ഇതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അടക്കമുള്ളവരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും വിശ്വാസികളും അന്തിമോപചാരമർപ്പിക്കും. വൈകീട്ട് മൂന്നിന് കബറടക്കത്തിന്റെ സമാപന ശുശ്രൂഷയും നടക്കും. ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ.ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികൾ, സഭയിലെ മെത്രാപ്പോലീത്തമാർ തുടങ്ങിയവർ നേതൃത്വം നൽകും.
ലബനോൻ യുദ്ധം; പാത്രിയാർക്കീസ് ബാവ കബറടക്ക ചടങ്ങിനെത്തില്ല
കൊച്ചി: കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറടക്ക ശുശ്രൂഷകൾക്ക് നേതൃത്വം നൽകാൻ സഭയുടെ പരമാധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ എത്തില്ല. ലബനോനിൽ ഇസ്രായേൽ ആക്രമണം ശക്തമായ സാഹചര്യത്തിൽ വ്യോമഗതാഗതം പ്രതിസന്ധിയിലായതോടെയാണ് നിലവിൽ ലബനോനിലെ അച്ചാനെയിലുള്ള പാത്രിയാർക്കീസ് ബാവയുടെ യാത്ര മുടങ്ങിയത്.
അമേരിക്കയിലെ പാത്രിയാർക്കാ പ്രതിനിധി മോർ ദിവന്നാസിയോസ് ജീൻ കവ്വാക്ക് മെത്രാപ്പോലീത്ത, ഇംഗ്ലണ്ട് ആർച്ച് ബിഷപ് മോർ അത്തനാസിയോസ് തൗമാ ദാവൂദ് മെത്രാപ്പോലീത്ത എന്നിവരെ സംസ്കാരച്ചടങ്ങുകൾക്ക് കാർമികത്വം വഹിക്കാൻ അദ്ദേഹം നിയോഗിച്ചു. ബാവയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചതുമുതൽ അന്ത്യ ചടങ്ങുകൾ പാത്രിയാർക്കീസ് ബാവയുടെ സമയം നോക്കി ക്രമീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, യാത്ര പ്രതിസന്ധിയിലായതോടെ ശനിയാഴ്ച കബറടക്ക ചടങ്ങുകൾ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.