യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു
text_fieldsകൊച്ചി: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ(96) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
എറണാകുളം ജില്ലയിൽ പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായിയുടെയും കുഞ്ഞയുടെയും മകനായി ജനനം. സി.എം. തോമസ് എന്നായിരുന്നു ആദ്യനാമം. 1958 ഒക്ടോബർ 21-ന് വൈദികപട്ടം സ്വീകരിച്ചു. 1974-ൽ തോമസ് മോർ ദീവന്ന്യാസിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 1998 ഫെബ്രുവരി 22-ന് സുന്നഹദോസ് പ്രസിഡന്റായി നിയോഗിതനായി. 2000 ഡിസംബർ 27-ന് പുത്തൻകുരിശിൽ ചേർന്ന പള്ളിപ്രതിപുരുഷയോഗം നിയുക്ത കാതോലിക്കയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 2002 ജുലൈ 26-ന് ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരിൽ മഫ്രിയോനോ ആയി അഭിഷിക്തനായി.
2019ൽ, അദ്ദേഹം തൻ്റെ ഭരണപരമായ ചുമതലകൾ ഉപേക്ഷിക്കുകയും "മെട്രോപൊളിറ്റൻ ട്രസ്റ്റി" സ്ഥാനം രാജിവെക്കുകയും ചെയ്തു. പ്രായാധിക്യത്തെത്തുടർന്ന് ബസേലിയോസ് രണ്ട് സ്ഥാനങ്ങളിൽനിന്നും സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അന്ത്യോഖ്യാ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ അദ്ദേഹത്തോട് കാതോലിക്കാ ആയി തുടരാൻ ആവശ്യപ്പെട്ടിരുന്നു.
നിരവധി യാക്കോബായ പള്ളികൾ ഏറ്റെടുക്കുന്നതിനെതിരായ സമരങ്ങളുടെ മുൻനിരയിലും ബാവയുണ്ടായിരുന്നു. യാക്കോബായ സഭയുടെ അഭിമാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിന്റെ സ്ഥാപകനായ ബാവ അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ടതും ബാവയാണ്. പതിമൂന്ന് മെത്രോപ്പോലീത്തമാരെ വാഴിക്കുകയും 350 വൈദികർക്ക് പട്ടം നൽകുകയും ചെയ്തു. എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമായി ആഴത്തിലുള്ള സൗഹൃദം മെത്രോപ്പൊലീത്ത പുലർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.