സദാചാര പൊലീസ് ചമഞ്ഞ് അക്രമം: എട്ട് യുവാക്കൾ റിമാൻഡിൽ
text_fieldsകാസർകോട്: സദാചാര പൊലീസ് ചമഞ്ഞ് ദലിത് വിഭാഗത്തിൽപെട്ടവരായ യുവാവിനെയും വിദ്യാർഥിനിയെയും വിസ്താരം നടത്തി ആക്രമിച്ച സംഭവത്തിൽ എട്ടുപേരെ ബേക്കൽ സി.െഎയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇവരെ ഹോസ്ദുർഗ് ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരിയ മൊയോലം സ്വദേശികളായ രാധാകൃഷ്ണൻ (43), ശ്യാംരാജ്(21), ശിവപ്രസാദ് (19), അഖിൽ (29), ശ്രീരാഗ്(20), സുജിത്(29), സുമിത്(24), അജയ് ജിഷ്ണു (19) എന്നിവരാണ് റിമാൻഡിലായത്.
മേയ് 31ന് പെരിയ മൊയോലത്താണ് കേസിന് കാരണമായ സംഭവം. കോളജ് വിദ്യാർഥിനിയും കൊളത്തൂരിലെ യുവാവും തമ്മിൽ മൊയോലത്തുവെച്ച് സംസാരിക്കുന്നതിനിടയിലാണ് പ്രതികൾ ചോദ്യം ചെയ്യാനെത്തിയത്. തങ്ങൾ സുഹൃത്തുക്കളാണ് എന്നറിയിച്ചിട്ടും വിടാൻ കൂട്ടാക്കാത്ത പ്രതികൾ പെൺകുട്ടിയുടെ ചിത്രങ്ങൾ തുടർച്ചയായി എടുത്തുകൊണ്ടിരുന്നു. മാനഹാനി ഭയന്ന പെൺകുട്ടി തെൻറ ബാഗിലുണ്ടായിരുന്ന ബ്ലേഡ് കൊണ്ട് സംഭവസ്ഥലത്തുെവച്ചുതന്നെ കൈഞരമ്പു മുറിച്ചു.
രക്തം വാർന്നൊഴുകി തളർന്ന പെൺകുട്ടിയെ അതുവഴി വന്ന കാറിൽ പെരിയ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചു. മുറിവ് ആഴത്തിലുള്ളതിനാൽ പെൺകുട്ടിയെ ജില്ല ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ.വി. ദാമോദരൻ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി. കൂടെയുണ്ടായ യുവാവിൽ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.