ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം: ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടിവരും
text_fieldsകൊച്ചി: സദാചാര പൊലീസ് ചമഞ്ഞ് കൊച്ചിയില്‍ ശിവസേന പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകും. സര്‍ക്കാറിന് അപമാനമുണ്ടാക്കിയ സംഭവത്തില്‍ സുരക്ഷവീഴ്ച വരുത്തിയ എറണാകുളം സെന്‍ട്രല്‍ എസ്.ഐ അടക്കം 11 പേര്‍ക്കെതിരെ അടിയന്തര നടപടിയെടുത്തെങ്കിലും ഇവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ അച്ചടക്കനടപടികളുണ്ടാവുമെന്നാണ് സൂചന.
പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമീഷണര്‍ കെ.വി. വിജയന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ബുധനാഴ്ചതന്നെ എസ്.ഐ വിജയശങ്കറെ സസ്പെന്‍ഡ് ചെയ്യാനും ഒപ്പമുണ്ടായിരുന്ന പത്ത് പൊലീസ് ഉദ്യോഗസ്ഥരെ എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റാനും പൊലീസ് കമീഷണര്‍ ഉത്തരവിട്ടിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും വിശദാംശങ്ങള്‍ പരിശോധിച്ചശേഷം വീഴ്ചവരുത്തിയവര്‍ക്കെതിരെ അച്ചടക്കനടപടി കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കുമെന്നും സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ബുധനാഴ്ച വൈകീട്ടാണ് മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീയുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പൊലീസ് നോക്കിനില്‍ക്കെ യുവതീയുവാക്കളെ ചൂരല്‍ ഉപയോഗിച്ച് അടിച്ചോടിക്കുകയായിരുന്നു. ശിവസേനയുടെ നീക്കം മുന്‍കൂട്ടി അറിഞ്ഞിട്ടും അഴിഞ്ഞാട്ടം തടയാന്‍ ശ്രമിക്കാത്തത് പൊലീസിന് നാണക്കേടുണ്ടാക്കിയതായാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇക്കാര്യം സമ്മതിച്ച് ഡി.ജി.പി അടക്കമുള്ള ഉന്നതരും വ്യാഴാഴ്ച രംഗത്തുവന്നു.
അതേസമയം, അറസ്റ്റ് ചെയ്ത എട്ട് ശിവസേന പ്രവര്‍ത്തകരെ ബുധനാഴ്ചതന്നെ റിമാന്‍ഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് മാറ്റി. കേസില്‍ വ്യാഴാഴ്ച ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശിവസേന ജില്ല പ്രസിഡന്‍റ് ടി.ആര്‍. ദേവന്‍, പ്രവര്‍ത്തകരായ കെ.യു. രതീഷ്, കുഞ്ഞുമോന്‍, എ.വി. വിനീഷ്, ടി.ആര്‍. ലെനിന്‍, രാജേഷ്, ബിജു, അരവിന്ദന്‍ എന്നിവരെയാണ് പാര്‍ട്ടി ഓഫിസില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഭീഷണിപ്പെടുത്തല്‍, മര്‍ദനം, പൊലീസിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അനുവാദമില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം ഇരുപതോളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.