സദാചാര സസ്പെൻഷൻ: പൊലീസുകാരന് വീണ്ടും കുരുക്കൊരുങ്ങുന്നു
text_fieldsകോഴിക്കോട്: 'സദാചാര ലംഘനം' ആരോപിച്ച് സസ്പെൻഡ് ചെയ്ത സിവിൽ പൊലീസ് ഒാഫിസർക്കെതിരെ കൂടുതൽ നടപടിക്കൊരുങ്ങി സിറ്റി പൊലീസ്. സസ്പെൻഷൻ സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയാവുകയും സാംസ്കാരിക പ്രവർത്തകരടക്കം പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്തതോടെ ഉത്തരവ് പരസ്യപ്പെടുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കൺേട്രാൾ റൂമിലെ ഉമേഷ് വള്ളിക്കുന്നിനെതിരെ വീണ്ടും അച്ചടക്ക നടപടിക്കൊരുങ്ങുന്നത്.
ഉത്തരവിറക്കിയ സിറ്റി പൊലീസ് മേധാവി എ.വി. ജോർജും സെക്ഷൻ ക്ലാർക്കും ഉത്തരവ് കൈപ്പറ്റിയ പൊലീസുകാരനും മാത്രം അറിയുന്നത് മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടാനൊരുങ്ങുന്നത്. അതിനിടെ വിവാദ ഉത്തരവിൽ പരാമർശിക്കുന്ന ഗായിക ആതിര കെ. കൃഷ്ണൻ ഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് മേധാവിക്കെതിരെ ഉത്തമേഖല െഎ.ജി അശോക് യാദവിന് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.
ഉത്തരവിൽ പരാമർശിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും തന്നെ തട്ടിക്കൊണ്ടുവന്നിട്ടില്ലെന്നും പൊലീസുകാരനുമായി സൗഹൃദ ബന്ധം മാത്രമാണുള്ളെതന്നും ആതിര വ്യക്തമാക്കി. സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ വനിത പൊലീസില്ലാതെയാണ് മൊഴിയെടുക്കാനെത്തിയതെന്നും മൊഴിയിൽ നിർബന്ധിച്ച് ഒപ്പുവെക്കുകയായിരുന്നുവെന്നുമുള്ള ഇവരുടെ പരാതിയും വിഷയത്തിൽ സാംസ്കാരിക പ്രവർത്തകരടക്കം വിവാദ ഉത്തരവിനെതിരെ രംഗത്തുവന്നതും പൊലീസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഉമേഷ് വള്ളിക്കുന്നിനെതിരെയുള്ള ആക്ഷേപങ്ങളിലും െഎ.ജി അേന്വഷണം നടത്തുന്നുണ്ട്. അതിനിടെ, പൊലീസ് അസോസിയേഷനും ഭരണകക്ഷിയിലെ ചില നേതാക്കൾക്കും സിറ്റി പൊലീസ് മേധാവിയുടെ നടപടിയിൽ നീരസമുണ്ട്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആക്രമികൾ മിഠായിത്തെരുവിൽ അഴിഞ്ഞാടിയത് തടയാൻ സിറ്റി പൊലീസ് മേധാവിക്കായില്ലെന്ന് ഫേസ്ബുക്കിൽ എഴുതിയതിെൻറ പേരിൽ സസ്പെൻഷനിലാവുകയും ഇൻക്രിമെൻറ് തടയപ്പെടുകയും ചെയ്ത ഉമേഷിന് പന്തീരാങ്കാവ് യു.എ.പി.എ കേസിെൻറ പിന്നാലെ, 'കാട് പൂക്കുന്ന നേരം' എന്ന സിനിമയുടെ േപാസ്റ്റർ പങ്കുവെച്ചതിന് മെമ്മോയും കിട്ടിയിരുന്നു.
പിന്നാലെയാണ് സ്ത്രീക്ക് ഫ്ലാറ്റെടുത്തുകൊടുക്കുകയും അവിടെ നിത്യസന്ദർശനം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടി സസ്പെൻഡ് ചെയ്തത്.യു.എ.പി.എ കേസിലെ കോടതിവിധി വായിക്കണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനും കഴിഞ്ഞ ദിവസം മെമ്മോ ലഭിച്ചു.
സിറ്റി പൊലീസ് മേധാവിക്കെതിരെ സി.പി.ഒ
കോഴിക്കോട്: തന്നെ സേനയിൽനിന്ന് പുറത്താക്കാൻ ഗൂഢനീക്കം നടക്കുന്നതായി 'സദാചാര ലംഘനം' ആരോപിച്ച് സസ്പെൻഷനിലായ സിവിൽ പൊലീസ് ഒാഫിസറുടെ വെളിപ്പെടുത്തൽ. സിറ്റി പൊലീസ് മേധാവി എ.വി. ജോർജും സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ സുദർശനുമാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. സ്ഥലം മാറിപ്പോകുംമുമ്പ് തന്നെ സർവിസിൽനിന്ന് പുറത്താക്കുകയാണ് സിറ്റി പൊലീസ് മേധാവിയുടെ ലക്ഷ്യം -ഉമേഷ് വള്ളിക്കുന്ന് മാധ്യമങ്ങളോട് പറഞ്ഞു.
'ഞാൻ നേരത്തേ നിർമിച്ച ഷോർട്ട് ഫിലിമിെൻറ റിലീസ് മാറ്റിവെക്കാത്തതിെൻറ പകയാണ് പൊലീസ് മേധാവിക്ക്.നാല് അച്ചടക്ക നടപടി എനിക്കെതിെര ഉണ്ടായി. ഇതിൽ മൂന്നും ഇദ്ദേഹം സിറ്റി പൊലീസ് മേധാവിയായ സമയത്താണ്. രണ്ട് ഇൻക്രിമെൻറും അന്യായമായി കട്ട് െചയ്തു.സദാചാരം പറഞ്ഞാണ് ഇപ്പോൾ നടപടിയെടുത്തത്. സുഹൃത്തായ 31 വയസ്സുള്ള സ്ത്രീക്ക് വീടെടുത്തു നൽകിയതിനാണ് ഇപ്പോഴത്തെ സസ്പെൻഷൻ' -ഉമേഷ് പറഞ്ഞു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.