മൊറട്ടോറിയം അവസാനിച്ചു; ബാങ്കുകൾ ജപ്തി നോട്ടീസുകൾ അയച്ചുതുടങ്ങി
text_fieldsകാസർകോട്: പ്രളയം, കോവിഡ് ദുരന്തത്തിന്‍റെ അടിസ്ഥാനത്തിൽ ബാങ്കുകൾ പ്രഖ്യാപിച്ച വായ്പ മൊറട്ടോറിയം അവസാനിച്ചു. വായ്പയെടുത്തവർക്ക് ബാങ്കുകൾ ജപ്തി നോട്ടീസുകൾ അയച്ചുതുടങ്ങി. കേരള ബാങ്കിന്‍റെ നോട്ടീസുകൾ സർഫാസിയാണ്. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം കൊടുക്കുന്ന നിയമമാണിത്. സർഫാസി നോട്ടീസുകളെ ഹൈകോടതിയിൽ മാത്രമേ ചോദ്യം ചെയ്യാനാവുകയുള്ളൂ.
സർഫാസി നോട്ടീസിൽ പള്ളിക്കരയിൽ ഒരു കുടുംബത്തെ കുടിയൊഴിപ്പിച്ച് വീട് ജപ്തി ചെയ്തു. പുതുതായി രൂപവത്കരിക്കപ്പെട്ട കേരള ബാങ്കിന്‍റെ അംഗീകാരവുമായി ബന്ധപ്പെട്ടാണ് സർഫാസി നോട്ടീസ് അയക്കേണ്ടി വന്നിരിക്കുന്നതെന്ന് ബാങ്കുമായി ബന്ധപ്പെട്ടവർ പറയുന്നു.
700 കോടിയോളം രൂപയുടെ കുടിശ്ശിക ബാങ്കിനുണ്ട്. ഈ തുക സമാഹരിക്കുന്നതിന്‍റെ ഭാഗമായാണ് സർഫാസി നോട്ടീസ് അയച്ചിരിക്കുന്നത്. പ്രവർത്തനമാരംഭിച്ച് മൂന്നുവർഷത്തിനകം ബാങ്കിനെ ലാഭത്തിലെത്തിച്ചില്ലെങ്കിൽ അത് ബാങ്കിന്‍റെ അംഗീകാരത്തിന് തിരിച്ചടിയാകുമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. അതുകൊണ്ട് കുടിശ്ശിക പിരിച്ച് ലാഭത്തിലെത്തിക്കുകയെന്നതാണ് കേരള ബാങ്കിന്‍റെ ലക്ഷ്യം.
കോവിഡ് കാലത്ത് പ്രഖ്യാപിച്ച വായ്പ മോറേട്ടോറിയത്തിൽ പലിശ ഇളവ് പ്രഖ്യപിച്ചിരുന്നു. എന്നാൽ, കോവിഡ് കഴിയുന്നതോടെ അയച്ചു തുടങ്ങിയ നോട്ടീസിൽ കോവിഡ് കാല പലിശയും കൂട്ടുപലിശയും ചേർത്താണ് ഇടപാടുകാർക്ക് അയച്ചിരിക്കുന്നത്. ഇത് വൻതുകയായി ഇടിത്തീപോലെ വന്നിരിക്കുകയാണ്.
കുമ്പളയിൽ എട്ടുലക്ഷം രൂപ വായ്പയെടുത്തവർക്ക് 20 ലക്ഷം രൂപയോളം അടക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഇത് വായ്പയെടുത്തവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. കോവിഡ് കാലയളവിലെ പലിശ പൂർണമായും ഒഴിവാക്കിയാലേ തിരിച്ചടക്കാനാവൂ എന്നാണ് വായ്‌പയെടുത്തവർ പറയുന്നത്.
കുടിയൊഴിപ്പിക്കില്ല -കേരള ബാങ്ക്
കാസർകോട്: ഇടപാടുകാർക്ക് നോട്ടീസ് അയച്ചത് ജപ്തിചെയ്ത് കുടിയൊഴിപ്പിക്കാനല്ലെന്ന് കേരള ബാങ്ക് സീനിയർ മാനേജർ പി.പി. സുരേന്ദ്രൻ പറഞ്ഞു. ആറുമാസം മുമ്പ് തുടങ്ങിയ ചട്ടപ്രകാരമുള്ള നടപടിയുടെ ഭാഗമാണ് നോട്ടീസ് അയച്ചത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയശേഷം മാത്രമാണ് ജപ്തിയിലേക്ക് നീങ്ങുക. 500ഓളം പേർക്ക് ജില്ലയിൽ ഇതിനകം നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടു കേസുകളിൽ ജപ്തി നടത്തേണ്ടിവന്നു. വായ്പ തിരിച്ചടക്കുന്നതിനു പ്രേരിപ്പിക്കുകയാണ് നോട്ടീസ് അയക്കുന്നതിലൂടെ നടത്തുന്നത്.
സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം
കുമ്പള: കോവിഡ് തീർത്ത ദുരിതത്തിൽ നിന്ന് ജനങ്ങളും വിപണിയും കരകയറി വരുന്നതിനിടയിൽ ബാങ്കുകൾ അയക്കുന്ന ജപ്തി നോട്ടീസിൽ സർക്കാർ ഇടപെടണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. രണ്ടു വർഷക്കാലത്തെ കോവിഡ് കണക്കിലെടുത്ത് സംസ്ഥാന സർക്കാർ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇത് 2021 ഡിസംബറോടെ അവസാനിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ വായ്പ എടുത്തിട്ടുള്ളത് സഹകരണ ബാങ്കുകളിൽ നിന്നാണ്. ഈ ബാങ്കുകൾക്കു മൊറട്ടോറിയം ബാധകമല്ല എന്ന സാങ്കേതിക പ്രശ്നമുയർത്തി മൊറട്ടോറിയം നിഷേധിച്ചതാണ് വായ്പയെടുത്തവരെ ദുരിതത്തിലാക്കിയത്.
സഹകരണ -വാണിജ്യ ബാങ്കുകൾ മൊറട്ടോറിയം അനുവദിക്കണമെങ്കിൽ റിസർവ് ബാങ്കിന്റെ അനുമതി വേണമായിരുന്നു. ഇതിനായി സംസ്ഥാന സർക്കാർ ശിപാർശ ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ഇതിനെ തുടർന്നാണ് വായ്പ മുടങ്ങിയവർക്കെതിരെ ജപ്തി നടപടികളുമായി മുന്നോട്ടുപോകാൻ ബാങ്കുകൾ തീരുമാനിച്ചത്.
റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ സഹകരണ ബാങ്കുകൾക്കും മൊറട്ടോറിയം ബാധകമാണെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇക്കാര്യത്തിലും സാങ്കേതിക തടസ്സങ്ങളുണ്ടായി.
സഹകരണ ബാങ്കുകളുടെ നിയന്ത്രണാധികാരി സംസ്ഥാന സഹകരണ രജിസ്ട്രാറാണ്. രജിസ്ട്രാർ ഉത്തരവിറക്കാത്തതും മൊറട്ടോറിയം നൽകുന്നതിന് തടസ്സമായി-മൊഗ്രാൽ ദേശീയവേദി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.