ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ; തുണി, സ്വർണക്കടകൾ തുറക്കാം
text_fieldsതിരുവനന്തപുരം: ലോക്ഡൗണിൽ കൂടുതൽ ഇളവ് നൽകി സർക്കാർ. തുണിക്കടകൾക്കും ജ്വല്ലറികൾക്കും പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് തുറക്കാം. ഹോം ഡെലിവറിയായോ ഓൺലൈൻ ഡെലിവറിയായോ തുണിയും ആഭരണങ്ങളും ആവശ്യക്കാർക്കെത്തിക്കണം. വിവാഹാവശ്യങ്ങൾക്ക് എത്തുന്നവർക്ക് കടകളിൽ ഒരുമണിക്കൂർ ചെലവഴിക്കാം.
ലോക്ഡൗണും ചുഴലിക്കാറ്റും മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന് സൗജന്യ ഭക്ഷണം വിതരണം ചെയ്യാം. തുക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടിൽനിന്ന് അനുവദിക്കും. ടാക്സ് കൺസൾട്ടൻറുകൾക്കും ജി.എസ്ടി പ്രാക്ടീഷനർമാർക്കും ജി.എസ്.ടി റിട്ടേൺ സമർപ്പിക്കുന്നതിനും നികുതി ഒടുക്കുന്നതിനുമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം.
അതിഥി തൊഴിലാളികൾക്ക് പൈനാപ്പിൾ ശേഖരണത്തിനും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കും അനുമതി. ടെലികോം സേവനവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങൾക്ക് ഇളവുണ്ട്. ടവറുകളുമായി ബന്ധപ്പെട്ട പ്രവർത്തനം നടത്താം.
അതേസമയം ലോക്ഡൗൺ വിലക്കുകൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 2841 പേർക്കെതിരെ കേസെടുത്തു. 1370 പേരാണ് വ്യാഴാഴ്ച അറസ്റ്റിലായത്. 1304 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9581 സംഭവവും ക്വാറൻറീൻ ലംഘിച്ചതിന് 87 കേസും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.