ഒരു വ്യവസായത്തിന് കൂടുതൽ കണക്ഷനുകൾ; കെ.എസ്.ഇ.ബിക്ക് കോടികളുടെ നഷ്ടം
text_fieldsപാലക്കാട്: അശാസ്ത്രീയ വൈദ്യുതി നിരക്ക് നിർണയത്തെത്തുടർന്ന് വൈദ്യുതി കണക്ഷനിൽ കൃത്രിമം കാണിച്ച് വ്യവസായശാലകൾ കെ.എസ്.ഇ.ബിക്ക് കിട്ടേണ്ട കോടികൾ തട്ടുന്നു. 100 കെ.വി.എയിൽ കൂടുതൽ വൈദ്യുതി ആവശ്യമുള്ള വ്യവസായങ്ങൾക്കുള്ള എച്ച്.ടി കണക്ഷന്, നിരക്കും മറ്റ് ചെലവുകളും കൂടുമെന്നിരിക്കെ എൽ.ടി കണക്ഷനിൽ തുടരുകയാണ് ഒട്ടേറെ വ്യവസായശാലകൾ.
എച്ച്.ടിയിലേക്ക് മാറാതിരിക്കാൻ വ്യവസായശാല വിപുലീകരണത്തിന്റെ പേരിൽ രണ്ട് കമ്പനിയാക്കി രജിസ്റ്റർ ചെയ്ത് രണ്ട് കണക്ഷനുകൾ എടുത്താണ് വ്യാപക തട്ടിപ്പ് നടത്തുന്നത്. ഇതിനാൽ എൽ.ടി വൈദ്യുതി നിരക്ക് മാത്രമെ കമ്പനികൾക്ക് നൽകേണ്ടതുള്ളൂ. കെ.എസ്.ഇ.ബിക്ക് ലഭിക്കേണ്ട കോടികളാണ് ഇതിലൂടെ നഷ്ടമാകുന്നത്. രേഖയിൽ രണ്ട് കമ്പനികളാണെന്നിരിക്കെ നിയമപരമായ പരിശോധനക്കോ നടപടിക്കോ കെ.എസ്.ഇ.ബിക്ക് സാധിക്കുന്നുമില്ല.
100 കെ.വി.എയിൽ കൂടുതൽ സ്ഥാപിതശേഷിയുള്ള വ്യവസായങ്ങൾ എച്ച്.ടി കണക്ഷനുകൾ എടുക്കണമെന്നാണ് നിയമം. ട്രാൻസ്ഫോർമർ സ്വന്തം ചെലവിൽ വെക്കുന്നതും പരിപാലനവും എച്ച്.ടിയിൽ ഉപഭോക്താവിന്റെ ബാധ്യതയാണ്. മാത്രമല്ല, ഫിക്സഡ് ചാർജ് ഇനത്തിൽ എൽ.ടി കണക്ഷന്റെ ഇരട്ടിതുകയും നൽകേണ്ടിവരും.
ഉദാഹരണത്തിന് 150 കെ.വി.എ സ്ഥാപിതശേഷിയുള്ള ഒരുവ്യവസായം 75 കെ.വി.എ ശേഷിയുള്ള രണ്ട് വ്യത്യസ്ത എൽ.ടി കണക്ഷനുകൾ എടുക്കുകവഴി 30,000ത്തിൽ അധികം രൂപയാണ് ഒരു മാസം ഫിക്സഡ് ചാർജ് ഇനത്തിൽ മാത്രം കെ.എസ്.ഇ.ബിക്ക് നഷ്ടമാകുന്നത്. യൂനിറ്റിന് എച്ച്.ടി കണക്ഷന് 30 പൈസ കൂടുതലായതിനാൽ യൂനിറ്റ് ചാർജ് ഇനത്തിലുള്ള നഷ്ടം വേറെയും. വൻകിട സ്ഥാപനങ്ങൾപോലും ഇത്തരത്തിൽ കെ.എസ്.ഇ.ബിയെ കബളിപ്പിക്കുന്നുെണ്ടന്നാണ് അന്വേഷണത്തിൽ മനസ്സിലാവുന്നത്.
മറ്റ് സംസ്ഥാനങ്ങളിലേതുപോലെ എൽ.ടി വൈദ്യുതി കണക്ഷനെക്കാൾ കുറവ് നിരക്ക് എച്ച്.ടിയിൽ കണക്കാക്കി ശാസ്ത്രീയമായി താരിഫ് പരിഷ്കരിക്കണമെന്ന ആവശ്യം സംഘടനകൾ നിരവധി തവണ െറഗുലേറ്ററി കമീഷന് മുന്നിൽ സമർപ്പിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
ലക്ഷക്കണക്കിന് യൂനിറ്റ് വൈദ്യുതിക്കുള്ള തുക മാത്രമല്ല ബോർഡിന് നഷ്ടമാകുന്നത്, എൽ.ടി കണക്ഷനിലൂടെയുണ്ടാകുന്ന ഭീമമായ പ്രസരണനഷ്ടത്തിന്റെ ബാധ്യതകൂടിയാണ്. ഒരേ കറന്റ് എച്ച്.ടി ലൈനിലൂടെയും എൽ.ടി ലൈനിലൂടെയും കടത്തിവിടുമ്പോൾ എച്ച്.ടി ലൈനിനെക്കാൾ അനേകമടങ്ങ് പ്രസരണനഷ്ടമാണ് എൽ.ടിലൈനിൽ ഉണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.