ശബരിമലയിൽ കൂടുതൽ ഭക്തർക്ക് ദർശനാനുമതി; തീരുമാനം ഉടൻ -ദേവസ്വം ബോര്‍ഡ് പ്രസിഡൻറ്
text_fieldsശബരിമല: കൂടുതല്‍ പേര്‍ക്ക് ശബരിമല ദര്‍ശനം നടത്താനുള്ള സാഹചര്യമൊരുക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് അഡ്വ. എന്‍. വാസു പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ, പൊലീസ് വകുപ്പുകളുമായും മറ്റ് വിദഗ്ധരുമായും ആലോചിച്ച് തിങ്കളാഴ്ചയോടെ അന്തിമതീരുമാനം ഉണ്ടാകും.
തീര്‍ഥാടകരുടെ എണ്ണം സര്‍ക്കാര്‍ തലത്തില്‍ പ്രഖ്യാപിക്കും. മണ്ഡലകാലം ആരംഭിച്ച് 12 ദിവസത്തില്‍ 13,529 ഭക്തരാണ് ദര്‍ശനം നടത്തിയത്. തീര്‍ഥാടനം തുടങ്ങിയ ശേഷം ഇതുവരെ നിലക്കല്‍ 37 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഭക്തരും വിവിധ വകുപ്പുകളിലെ ജീവനക്കാരുമുണ്ട്. സന്നിധാനത്ത് ഒമ്പതു ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ മുഴുവന്‍ കോവിഡ് കേസുകളുടെ അനുപാതം താരതമ്യം ചെയ്യുമ്പോള്‍ ഇത് അത്ര ആശങ്കയുയര്ത്തുന്നതല്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പറഞ്ഞു. സന്നിധാനത്ത് ദര്‍ശനം നടത്തി പോയ ഭക്തര്‍ക്ക് ആര്‍ക്കും ഇതുവരെയും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രണ്ടു കോടിക്ക് താഴെ മാത്രമാണ് ശബരിമലയിലെ ഇതുവരെയുള്ള വരുമാനം. സാധാരണ 50 കോടിവരെ ലഭിക്കുന്ന സ്ഥാനത്താണിതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.