പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതൽ ഡോക്ടര്‍മാരെ നിയോഗിച്ചു
text_fieldsതിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിനിരയായി ജീവൻ നഷ്ടമായവരുടെ പോസ്റ്റ്മോർട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാട്ടിലെ ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആർ.ആർ.ടി) യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇതുവരെ പൂര്‍ത്തീകരിച്ചു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്താൻ സംവിധാനമൊരുക്കി. അധിക മോര്‍ച്ചറി സൗകര്യങ്ങളും മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താൽക്കാലിക ക്ലിനിക്കും സജ്ജമാക്കിയിട്ടുണ്ട്. പോളിടെക്‌നിക്കിൽ താല്‍ക്കാലിക ആശുപത്രിയും പ്രവര്‍ത്തനമാരംഭിച്ചെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള ഡോക്ടർമാരെ വയനാട്ടേക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട്ട് നിന്നുള്ള രണ്ട് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, കാര്‍ഡിയോളജി, സൈക്യാട്രി, ഫോറന്‍സിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ദുരന്ത മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍ സംഘവും സ്ഥലത്തെത്തും. അവധിയിലുളള ആരോഗ്യ പ്രവര്‍ത്തകരോട് അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷനല്‍ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍ ജനറല്‍ മാനേജര്‍, ആർ.ആർ.ടി അംഗങ്ങള്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.