വനഭൂമിയിൽ 50,000 ഏക്കറിലധികം യൂക്കാലിപ്റ്റസും അക്കേഷ്യയുമെന്ന് വനം വകുപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വനഭൂമിയിൽ 50,000 ഏക്കറിലധികം അക്കേഷ്യയും യൂക്കാലിപ്റ്റസും തോട്ടമുണ്ടെന്ന് വനം വകുപ്പിെൻറ പ്രാഥമിക കണക്ക്. ഇതിനു പുറമേയാണ് സ്വകാര്യ വ്യക്തികൾ ഇടുക്കിയിൽ വ്യാപകമായി നടത്തുന്ന അക്കേഷ്യ-യൂക്കാലിപ്റ്റസ് കൃഷി. ലഭ്യമായ കണക്കനുസരിച്ച് വന്യജീവി സങ്കേതങ്ങളിൽ മാത്രം 6000 ഏക്കറിലധികം യൂക്കാലിപ്റ്റസ്-അക്കേഷ്യ തോട്ടമുണ്ട്. പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന യൂക്കാലിപ്റ്റസ് തോട്ടങ്ങൾ പറമ്പിക്കുളം കടുവ സങ്കേതത്തിന് കീഴിൽ -203 ഏക്കർ, വയനാട് വന്യജീവി സങ്കേതം സുൽത്താൻബത്തേരി -1062, ആറളം വൈൽഡ് ലൈഫ് ഡിവിഷനിൽ -418, മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷൻ-2832, മൂന്നാർ ഷോല നാഷനൽ പാർക്ക് -1395 എന്നിങ്ങനെ ഉണ്ടെന്നാണ് വനംവകുപ്പിെൻറ കണക്ക് . അതേസമയം, മുൻ അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരൻ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് കുറിഞ്ഞി വന്യജീവി സങ്കേതത്തിലും വനഭൂമി കൈയേറി യൂക്കാലി തോട്ടങ്ങളുണ്ട്. അതിെൻറ കണക്ക് വനംവകുപ്പിൽ ലഭ്യമല്ല.
വനഭൂമിയിലെ അക്കേഷ്യ, യൂക്കാലിപ്റ്റസ് തോട്ടത്തിെൻറയും മരങ്ങൾ വെട്ടി വിൽക്കുന്നതിെൻറയും കണക്കും വനംവകുപ്പ് ആസ്ഥാനത്തില്ല. കോട്ടയം വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറ് ലിമിറ്റഡും കണ്ണൂരിലെ വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡുമാണ് വനംവകുപ്പിൽനിന്ന് ഇൗ മരങ്ങൾ വാങ്ങുന്നത്. അവർക്ക് പാട്ടത്തിന് കൊടുത്തിരിക്കുന്ന ഭൂമിയുടെ കണക്കാണ് വനംവകുപ്പ് നൽകുന്നതെങ്കിലും അതിെൻറ ഇരട്ടി ഭൂമിയിൽ മരംവെച്ചു പിടിപ്പിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. ഇടുക്കിയിൽനിന്നാകട്ടെ കേരളത്തിലെ പേപ്പർ കമ്പനികളിലേക്കല്ല തമിഴ്നാട്ടിലെ കമ്പനികൾക്കാണ് ലോഡുകണക്കിന് മരം പോകുന്നത്.
വടക്കൻ വയനാട് ഡിവിഷനിൽ കഴിഞ്ഞ 10 വർഷത്തിൽ 1462 ഏക്കർ ഭൂമിയിൽനിന്ന് 8.59 കോടി രൂപയുടെ മരം വിറ്റു. അതേസമയം, മൂന്നാർ ഡിവിഷന് കീഴിലെ 5825 ഏക്കർ യൂക്കാലി - അക്കേഷ്യാ തോട്ടത്തിൽനിന്ന് 8.07 കോടി മാത്രമാണ് മരംവിറ്റ് ലഭിച്ചത്. പല ഡിവിഷനുകളിലും പേപ്പർ കമ്പനികൾക്ക് മരം വെട്ടിവിൽക്കുന്നതിൽ വൻ അഴിമതി നടക്കുന്നതായ ആരോപണത്തെ സാധൂകരിക്കുകയാണ് ഇൗ കണക്ക്. തിരുവനന്തപുരം ഡിവിഷന് കീഴിൽ പാലോട്, പരുത്തിപ്പള്ളി, കുളത്തൂപ്പുഴ റേഞ്ചുകളിലായി 7429 ഏക്കറിലാണ് അക്കേഷ്യ യൂക്കാലിപ്റ്റസ് തോട്ടം. മലയാറ്റൂർ ഡിവിഷനിൽ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറിന് 2704 ഏക്കർ പാട്ടത്തിന് നൽകി. തെക്കൻ വയനാട്- 2480, മണ്ണാർക്കാട് - 425, തൃശൂർ ഡിവിഷൻ 4409, പുനലൂർ വനം ഡിവിഷൻ- 4704 എന്നിങ്ങനെയാണ് വിവിധ ഡിവിഷനുകളിലെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.