ഇടുക്കി മരംമുറി; കൂടുതൽ തെളിവ് പുറത്ത്
text_fieldsതിരുവനന്തപുരം: വിവാദ റവന്യൂ ഉത്തരവിെൻറ മറവിൽ രാജകീയ വൃക്ഷങ്ങൾ ഉദ്യോഗസ്ഥ പങ്കാളിത്തത്തോടെ മുറിച്ച് കടത്തിയതിെൻറ കൂടുതൽ തെളിവ് പുറത്ത്. മുട്ടിൽ ഉൾപ്പെടെ മരംമുറി അന്വേഷണം ഇഴഞ്ഞുനീങ്ങവെയാണ് വനം- റവന്യൂ ഉദ്യോഗസ്ഥർ തടിക്കച്ചവടക്കാരും വനംകൊള്ളക്കാരുമായി ചേർന്നു നടത്തിയ മരംകൊള്ളയുടെ വിവരം പുറത്തുവരുന്നത്.
ഇടുക്കി ജില്ലയിലെ മന്നാംകണ്ടം, ആനവിരട്ടി, വെള്ളത്തൂവൽ, കൊന്നത്തടി വില്ലേജുകളിൽ 2020 ഒക്ടോബർ 24നും 2021 ഫെബ്രുവരി രണ്ടിനുമിടക്കാണ് രാജകീയ വൃക്ഷങ്ങൾ മുറിച്ച് കടത്തിയത്. അടിമാലി റേഞ്ച് ഓഫിസർ ജോജി ജോണിെൻറ ഒത്താശയിലായിരുന്നു മരംമുറി.
1964 ലെ കേരള ഭൂമി പതിവ് ചട്ടം, വനം വകുപ്പിെൻറ കേരള പ്രമോഷൻ ഓഫ് ട്രീ ഗ്രോത്ത് ആക്ട് 2011, കേരള പ്രിസർവഷേൻ ഓഫ് ട്രീസ് ആക്ട് എന്നിവ പ്രകാരം സർക്കാർ പതിച്ചുനൽകിയ റവന്യൂ പുറമ്പോക്ക് ഭൂമിയിലെ 'രാജകീയ വൃക്ഷങ്ങൾ' എന്നറിയപ്പെടുന്ന തേക്ക്, ചന്ദനം, കരിങ്ങാലി, ഈട്ടി എന്നിവ മുറിക്കാൻ ഭൂ ഉടമക്ക് അധികാരമില്ല. ഇത് പാടെ അവഗണിച്ചാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് 2020 ഒക്ടോബർ 24 ന് ഉത്തരവിറക്കിയത്.
കർഷകർ വെച്ചുപിടിപ്പിച്ചതും കിളിർത്ത് വന്നതും പതിച്ച് ലഭിക്കുന്ന സമയത്ത് വൃക്ഷ വില അടച്ച് റിസർവ് ചെയ്ത ചന്ദനം ഒഴികെ മരങ്ങൾ മുറിക്കുന്നതിന് ആരുടെയും അനുവാദം വേണ്ടെന്നായിരുന്നു ഉത്തരവ്.
റേഞ്ച് ഓഫിസറായ ജോജി അടിമാലി റേഞ്ചിൽനിന്ന് 62 പാസും അധിക ചുമതല വഹിച്ചിരുന്ന നേര്യമംഗലം റേഞ്ചിൽനിന്ന് 92 പാസുമാണത്രെ അനുവദിച്ചത്. വിവാദ ഉത്തരവ് പിൻവലിച്ചശേഷവും ഇയാൾ മരം മുറിച്ച് കടത്താൻ അഞ്ച് പാസ് അധികമായി അനുവദിച്ചു.
ഇതുവഴി സർക്കാറിന് 8.36 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മരംമുറി അന്വേഷിച്ച ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ നേര്യമംഗലം റേഞ്ചിൽനിന്ന് 56 പെർമിറ്റും റവന്യൂ അധികൃതരുടെ സർട്ടിഫിക്കറ്റ് പോലുമില്ലാതെ ജോജി അനുവദിച്ചതായി തെളിഞ്ഞു.
ഉത്തരവ് പിൻവലിച്ചശേഷം അടിമാലി റേഞ്ചിൽനിന്ന് 18 ഓളം പെർമിറ്റും നേര്യമംഗലത്ത് 44 പെർമിറ്റും അനുവദിച്ചു. കർശന അച്ചടക്ക നടപടി വേണമെന്ന അഡീഷനൽ പി.സി.സി.എഫിെൻറ (വിജിലൻസ്) ശിപാർശയിൽ ജോജി ജോണിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.