Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅബിഗേലിനെ...

അബിഗേലിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു

text_fields
bookmark_border
അബിഗേലിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു
cancel

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളെ മൂന്ന് ദിവസമായിട്ടും പിടികൂടാനാവാതെ പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങളും രേഖാചിത്രവും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാണെങ്കിലും പ്രതികളെ പിടികൂടാനാവാത്തത് കനത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്.

അബിഗേലിനെ തട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് പനയ്‌ക്കൽ ജംക്‌ഷനിലെ വീട്ടിലെത്തിയ സ്ത്രീയുടെ രേഖാചിത്രമാണിത്. പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്നാണ് നിഗമനം. അബിഗേലിന്റെ സഹായത്തോടെ പ്രതികളുടെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡി.ഐ.ജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല.

തട്ടിക്കൊണ്ടുപോയ കാറിന്റെ കൂടുതൽ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ടു പോകുന്നതിനു മുൻപും ശേഷവും കൊല്ലം പള്ളിക്കൽ മൂന്നല റോഡിലൂടെ കടന്നു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികൾ നിൽക്കുന്ന സ്ഥലങ്ങൾ എത്തുമ്പോൾ സംഘം വാഹനത്തിന്റെ വേഗത കുറയ്ക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

തട്ടിക്കൊണ്ടുപോയവരിൽ നിന്ന് രക്ഷപ്പെട്ട ഓയൂരിലെ ആറുവയസ്സുകാരി അബിഗേൽ ഇന്ന് വീട്ടിലേക്ക് മടങ്ങിയേക്കും. നിലവിൽ ഗവ. വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും നടന്ന സംഭവത്തിന്‍റെ ആഘാതത്തിൽ നിന്ന് പൂർണമായും മുക്തമായിട്ടില്ല. ആരോഗ്യനില വിലയിരുത്തിയ ശേഷമാകും ബന്ധുക്കൾക്കൊപ്പം വിടുക.

അതേസമയം, അബിഗേലിനെ വരവേൽക്കാനൊരുങ്ങുകയാണ് നാട്ടുകാർ. അബിഗേലിന്‍റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിലെത്തിയിരുന്നു. ഒരു പോറൽ പോലും ഏൽക്കാതെ കുഞ്ഞിനെ തിരിച്ചുകിട്ടിയതിന്‍റെ സന്തോഷത്തിലാണ് കുടുംബം. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ ആരെയും വ്യക്തിപരമായി സംശയമില്ലെന്നാണ് അച്ഛൻ റെജി പറയുന്നത്. സംഭവത്തിന് പിന്നിൽ എന്താണെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

തട്ടികൊണ്ടുപോയത് തിങ്കളാഴ്ച വൈകീട്ട്

തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേലിനെ (ആറ്​) തട്ടിക്കൊണ്ടുപോയത്. സ്കൂളിൽ നിന്നെത്തിയ ശേഷം അബിഗേലും ജ്യേഷ്ഠൻ നാലാം ക്ലാസുകാരൻ ജോനാഥനും 100 മീറ്റർ അപ്പുറത്തുള്ള വീട്ടിൽ ട്യൂഷന്​ പോകുമ്പോഴാണ്​ കാറിലെത്തിയവർ അബിഗേലിനെ കാറിലേക്ക്​ വലിച്ചുകയറ്റിയത്​. കൊല്ലം വേളമാനൂരിലൂടെയും കല്ലുവാതുക്കലിലൂടെയും കാർ കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്നീട്​ പുറത്തുവന്നിരുന്നു. പൊലീസ്​ നിരവധി വീടുകളും വാഹനങ്ങളുമടക്കം പരിശോധിച്ചു.

ഇതിനിടെ, കൊല്ലം പാരിപ്പള്ളിയിലെ കടയിൽ നിന്ന്​ കടയുടമയുടെ ഫോൺ ഉപയോഗിച്ച്​ കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യമാവശ്യപ്പെട്ട് സംഘം ഫോൺ വിളിച്ചു. കുട്ടിയെ വിട്ടയക്കാൻ ആദ്യം അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണ്​ ആവശ്യപ്പെട്ടത്. പാരിപ്പള്ളിയിലെത്തിയ പൊലീസ്​ അവിടെ എത്തിയെന്ന്​​ സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറാക്കി രാത്രിയിൽ തന്നെ പുറത്തുവിട്ടിരുന്നു. ഇതിനിടെ, ചൊവ്വാഴ്ച പുലർച്ച തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയും കസ്റ്റഡിയിലെടുത്തിരുന്നു.

കേസുമായി ബന്ധമില്ലെന്ന് ​കണ്ടെത്തി പിന്നീട് ഇവരെ വിട്ടയച്ചു. സമയം വൈകുംതോറും ആശങ്ക വർധിക്കുന്നതിനിടെയാണ്​ കുട്ടിയെ കൊല്ലത്ത്​ കണ്ടെത്തിയത്​. കൊല്ലം ആശ്രാമം മൈതാനത്ത് ഇന്നലെ ഉച്ചയോടെ കുട്ടിയെ ഇറക്കിവിടുകയായിരുന്നു. കുട്ടിയെ ശ്രദ്ധയിൽപെട്ടവർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് 21 മണിക്കൂറോളം നീണ്ട ആശങ്കക്ക് വിരാമമായത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsKollam Child KidnapAbigail Sara Reji
News Summary - More footage of Abigale abduction car is out; The child will return home today
Next Story