ജർമനിയിലേക്ക് കൂടുതൽ തൊഴിലവസരം: നോര്‍ക്ക-ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിനു തുടക്കമായി
text_fieldsതിരുവനന്തപുരം: കേരളത്തില്‍ പ്ലസ്ടൂ (സയന്‍സ്) പഠനത്തിനുശേഷം ജര്‍മ്മനിയില്‍ നഴ്സിങ് ബിരുദ കോഴ്സുകള്‍ക്കു ചേരാന്‍ വിദ്യാർഥികളെ സഹായിക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിനു തുടക്കമായി. ഇത് സംബന്ധിച്ച് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും, ജർമ്മന്‍ ഫെഡറൽ എംപ്ലോയ്‌മെൻറ് ഏജൻസി ഇൻറർനാഷണൽ റിലേഷൻസ് ഡയറക്ടർ അലക്സാണ്ടർ വിൽഹെമും ഓണ്‍ലൈനായി കാരാറില്‍ ഒപ്പിട്ടു.
കേരളത്തില്‍ നിന്നുളള തൊഴില്‍കുടിയേറ്റത്തിലെ വലിയ വഴിത്തിരിവാണ് പ്രോഗ്രാമെന്ന് നോര്‍ക്ക റസിഡന്റ് വൈസ്ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പദ്ധതിവഴി കേരളത്തില്‍ സയന്‍സ് വിഭാഗത്തില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാർഥികള്‍ക്കാണ് ജര്‍മ്മനിയില്‍ നഴ്സിങ് ബിരുദ പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ ബി2 വരെയുളള പരിശീലനം പൂർണമായും സൗജന്യമായിരിക്കും. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനവുമായി ഇത്തരമൊരു കരാറെന്നും ഈ വര്‍ഷാവസാനത്തോടെ ആദ്യബാച്ചിനെ തിരഞ്ഞെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹരികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിൻ മാതൃകയില്‍ നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രെയിനി പ്രോഗ്രാമും സംഘടിപ്പിക്കുന്നത്. ഈ പദ്ധതിയിലൂടെ തികച്ചും സൗജന്യമായി ജർമനിയിൽ പഠിക്കാൻ അവസരം ലഭ്യമാകും. പഠന കാലയളവിൽ (മൂന്ന് വർഷം ) 900 മുതൽ 1300 യുറോ വരെ പ്രതിഫലവും ലഭിക്കാൻ അവസരം ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.