സ്റ്റാർട്ടപ് മേഖലയിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സ്റ്റാർട്ടപ് മേഖലയിൽ രണ്ടു ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും മികച്ച സ്ഥലമാണ് കേരളം. ഏതൊരാൾക്കും കേരളത്തിലെത്തി സ്റ്റാർട്ടപ് ആരംഭിക്കാം. കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് ഹഡിൽ ഗ്ലോബൽ ടെക് സ്റ്റാർട്ടപ് പരിപാടി കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്റ്റാർട്ടപ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധിപ്പിച്ച് വളർച്ച ത്വരിതപ്പെടുത്തും. സ്വപ്നപദ്ധതിയായ കെ-ഫോൺ മുഖേനയായിരിക്കും ടൂറിസം വകുപ്പിനെയും സ്റ്റാർട്ടപ് മിഷനെയും ബന്ധിപ്പിക്കുക. ഇതുവഴി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും സ്റ്റാർട്ടപ് മിഷൻ പ്രവർത്തനം എത്തുകയും യുവജനങ്ങൾക്കും സംരംഭകർക്കും പ്രയോജനം ലഭിക്കുകയും ചെയ്യും. സ്റ്റാർട്ടപ് മേഖലയിൽ മുമ്പെങ്ങുമില്ലാത്തവിധം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തിരുവനന്തപുരത്ത് പുതിയ എമർജിങ് ടെക്‌നോളജി സ്റ്റാർട്ടപ് ഹബ് തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മുഖ്യ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം അധ്യക്ഷതവഹിച്ചു.
ഐ.ടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, ജി-ടെക് ചെയർമാൻ വി.കെ. മാത്യൂസ്, സിസ്‌കോ ലോഞ്ച്പാഡ് മേധാവി ശ്രുതി കണ്ണൻ, സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ അനൂപ് അംബിക തുടങ്ങിയവർ സംസാരിച്ചു.
യങ് ഇന്നവേഷൻ പ്രോഗ്രാമിന്റെ (വൈ. ഐ.പി) ആപ് മുഖ്യമന്ത്രി പുറത്തിറക്കി. ജൻ റോബോട്ടിക്‌സ് കമ്പനി സി.ഇ.ഒ വിമൽ ഗോവിന്ദ് മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.