കൂടുതൽ മദ്യഷാപ്പുകൾ: ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനമെന്ന് സുധീരൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മദ്യവിൽപന ശാലകൾ തുറക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. 2016ലും 2021ലും നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനമാണ് സർക്കാർ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ അദ്ദേഹം പറഞ്ഞു.
''യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് മദ്യശാലകൾ അടച്ചുപൂട്ടിയതും ലോക്ഡൗൺ കാലത്തെ മദ്യനിരോധനവും മദ്യപാന ശീലത്തിൽനിന്ന് നിരവധി പേരെ പിന്തിരിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് മദ്യഉപഭോഗത്തിൽ കുറവുവന്നത്. മദ്യം അവശ്യവസ്തുവല്ലെന്ന് ലോക്ഡൗൺ കാലത്ത് പൂർണമായി തെളിയിക്കപ്പെട്ടതാണ്. മദ്യപാന ശീലത്തിൽ നിന്ന് പിന്തിരിഞ്ഞവരെയും കുടിപ്പിച്ചേ അടങ്ങൂ എന്ന ദുർവാശിയോടെയാണ് സർക്കാർ മദ്യനയം ആവിഷ്കരിക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും. ഇത് അങ്ങേയറ്റം അപലപനീയമാണ്''.
''ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഐ.ടി മേഖലയെ നാശത്തിലേക്ക് നയിക്കുന്ന സ്ഥിതിവിശേഷമാണ് ആ മേഖലയിൽ മദ്യശാലകൾ തുറക്കുന്നതിന്റെ ഫലമായുണ്ടാവുക. പുതിയ മദ്യശാലകൾ തുടങ്ങുന്നതിന് പര്യാപ്തമായ നിർദേശങ്ങളൊന്നും തന്റെ വിധിയിലില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തന്നെ വ്യക്തമാക്കിയിട്ടും പുതിയ മദ്യശാലകൾ തുടങ്ങാൻ ഹൈകോടതി നിർദേശമുണ്ടെന്ന മട്ടിൽ തെറ്റായ വിശദീകരണങ്ങളുമായി സർക്കാർ മുന്നോട്ടുവരുന്നതിന് ന്യായീകരണമില്ല. മദ്യം സാമൂഹിക വിപത്തായി മാറിയെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഇടതു മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം''-മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വി.എം. സുധീരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.