കൂടുതൽ പാടശേഖരങ്ങൾ മത്സ്യകൃഷിക്ക് ഒരുക്കുന്നു; പള്ളിത്തോട്ടിൽ വീണ്ടും സംഘർഷാവസ്ഥ
text_fieldsതുറവൂർ: ഉപ്പുവെള്ളം കയറ്റിയുള്ള മത്സ്യകൃഷിക്കെതിരെ സമരം നടക്കുന്ന പള്ളിത്തോട്ടിൽ അനധികൃതമായി മറ്റു പാടശേഖരങ്ങൾ കുഴിക്കുന്നത് സംഘർഷത്തിന് ഇടയാക്കുന്നു. പരാതികൾ നൽകിയിട്ടും നടപടിയെടുക്കാൻ കൃഷി-റവന്യൂ അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. പൊലീസിൽ പരാതി നൽകണമെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
കുത്തിയതോട് പഞ്ചായത്ത് പരിധിയിലെ കൊച്ചുവാവക്കാട് പാടശേഖരത്തിന്റെ ഭാഗമായ പുല്ലുവേലി പാടശേഖരമാണ് യന്ത്രസഹായത്താൽ ആഴം കൂട്ടുന്നത്. ദേശീയപാതയിൽനിന്ന് കിലോമീറ്ററുകൾ അകലെയാണ് നിലംകുഴിക്കൽ നടക്കുന്നത്. നിയമവിരുദ്ധ പ്രവൃത്തികൾ അറിയിക്കുമ്പോൾ തടസ്സവാദങ്ങൾ നിരത്തി ഉദ്യോഗസ്ഥർ ഒഴിവാക്കുകയാണ് പതിവെന്ന് സമരക്കാർ പറയുന്നു.
മുന്നൂറോളം വീട്ടുകാർ ഉപ്പുവെള്ളം കയറി ദുസ്സഹമായ നിലയിൽ ഇവിടെ കഴിയുന്നുണ്ട്. പല സമരങ്ങൾ നടത്തിയിട്ടും പരാതികൊടുത്തിട്ടും മത്സ്യകൃഷി നടത്താനുള്ള ഒരുക്കവുമായി ഒരു കൂട്ടർ മുന്നോട്ട് പോകുകയാണ്.
കെ.പി.എം.എസാണ് സമരരംഗത്തുള്ളത്. മത്സ്യകൃഷിക്കായാണ് പാടം കുഴിക്കുന്നതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. മാസങ്ങൾക്കു മുമ്പ് പാടശേഖരം കുഴിച്ചത് നിർത്തിവെക്കാൻ റവന്യൂ അധികൃതർ നോട്ടീസ് നൽകിയിരുന്നു. നിർത്തിവെക്കൽ നോട്ടീസ് നിലനിൽക്കെയാണ് വീണ്ടും കുഴിക്കാൻ തുടങ്ങിയത്.
കരിനില വികസന ഏജൻസി ചെയർമാൻ കൂടിയായ കലക്ടർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഇത് സംബന്ധിച്ച് കെ.പി.എം.എസ് (പി.എം. വിനോദ് വിഭാഗം) കുത്തിയതോട് വില്ലേജ് ഓഫിസർ, ആർ.ഡി.ഒ എന്നിവർക്ക് പരാതി നൽകി.
മുഴുവൻ സമയത്തും പാടശേഖരങ്ങളിലെല്ലാം മത്സ്യകൃഷിക്കാണ് സർക്കാറിനും താൽപര്യമെങ്കിൽ അക്കാര്യം തുറന്നുപറഞ്ഞ് പ്രദേശത്തെ തൊഴിലാളി കുടുംബങ്ങളെ സുരക്ഷിതമായി മാറ്റുകയാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു.
സർക്കാർകൂടി അറിഞ്ഞ് തൊഴിലാളി കുടുംബങ്ങളെ സമരത്തിലേക്കും സംഘർഷത്തിലേക്കും തള്ളിവിടുന്നത് ന്യായമല്ല. അന്നന്നു പണിയെടുത്ത് കഴിയുന്ന തൊഴിലാളികളാണ് ഉപ്പുവെള്ളം വീടുകളിൽ കയറുന്നതിനെതിരെ മത്സ്യ ലോബിയുമായി സംഘർഷത്തിലാകുന്നത്. ഇക്കാര്യം സർക്കാർ അന്വേഷിക്കേണ്ടതാണ്. രാഷ്ട്രീയ പാർട്ടികളാരും സമരത്തിൽ പങ്കെടുക്കാത്തതും ദുരൂഹത ഉണർത്തുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.