കരിപ്പൂരിലെ സ്വർണക്കടത്ത് സംഘത്തിൽ കൂടുതൽ പേരെന്ന് നിഗമനം; മറ്റൊരു കാറിലുണ്ടായിരുന്നത് മൂന്നുപേർ
text_fieldsകരിപ്പൂർ: ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച സംഘത്തിൽ കൂടുതൽ പേർ. ഒരാളെ മാത്രമാണ് സംഭവസ്ഥലത്ത് നിന്ന് ഡി.ആർ.െഎക്ക് പിടികൂടാൻ സാധിച്ചത്. രക്ഷപ്പെട്ടയാളെക്കൂടാതെ മൂന്ന് പേർ മറ്റൊരു കാറിലുമുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.
സ്വർണം വിമാനത്താവളത്തിനുള്ളിൽ നിന്ന് പുറത്തെത്തിക്കാൻ ശ്രമിച്ചവരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കരിപ്പൂരിലെ ശുചീകരണ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ ഡി.ആർ.െഎ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കൂടാതെ, സ്വർണം കടത്താൻ സഹായിച്ചവരെക്കുറിച്ചും വിശദ അന്വേഷണം നടക്കുന്നുണ്ട്. ഡി.ആർ.െഎ കോഴിക്കോട് യൂനിറ്റിന് പുറമെ കൊച്ചിയിൽ നിന്നും കൂടുതൽ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.
അതിനിടെ, സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അരീക്കോട് പത്തനാപുരം സ്വദേശി ഫസലുറഹ്മാെൻറ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സമീപത്തെ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. വയലിലൂടെ ഒാടി രക്ഷപ്പെട്ട ഇയാൾ തൊട്ടടുത്ത വീട്ടിലും കയറിയിട്ടുണ്ട്.
അപകടത്തിനിടെ വസ്ത്രം നഷ്ടമായപ്പോൾ ഇവിടെ നിന്ന് തുണി വാങ്ങിയാണ് രക്ഷപ്പെട്ടത്. റോഡിൽ പൊലീസ് പരിശോധന നടക്കുന്നുണ്ടെന്നും ലൈസൻസില്ലാത്തതിനാൽ ഒാടി രക്ഷപ്പെടുകയായിരുന്നുവെന്നും ഇതിനിെട വസ്ത്രം നഷ്ടമായെന്നുമാണ് വീട്ടുകാരോട് പറഞ്ഞത്. ഇയാളുടെ വീട്ടിൽ കൊണ്ടോട്ടി പൊലീസ് പരിശോധന നടത്തി.
താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് മുമ്പും സ്വർണക്കടത്ത്
സ്വർണം കടത്താൻ ശ്രമിച്ചതിന് കരിപ്പൂരിലെ താൽക്കാലിക ജീവനക്കാർ നേരത്തെയും ഡി.ആർ.െഎ പിടിയിലായിരുന്നു. ഏറ്റവും ഒടുവിൽ 2018 മാർച്ചിലാണ് വിമാനത്താവളത്തിൽ നിന്ന് സ്വർണം പുറത്തെത്തിക്കുന്നതിനിടെ ജീവനക്കാരൻ ഉൾപ്പെടെ അഞ്ച് പേരെ ഡി.ആർ.െഎ പിടികൂടിയത്.
കടത്തിന് സഹായിച്ചതിന് ആറ് കരാർ ജീവനക്കാരെയും നേരത്തെ ഡി.ആർ.െഎ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടിരുന്നു. 2017ലും രണ്ട് പേർ ടോയ്ലറ്റിൽ യാത്രക്കാർ ഒളിപ്പിച്ച സ്വർണം പുറത്തുകടത്തുന്നതിനിടെ പിടിയിലായിട്ടുണ്ട്. പിന്നീട് ഏജൻസികൾ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജോലി സമയത്ത് മൊബൈൽ ഫോൺ അടക്കം ഉപയോഗിക്കുന്നതിനായിരുന്നു നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.