താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു; കോട്ടയത്ത് കൂടൂതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നു
text_fieldsകോട്ടയം: കിഴക്കൻ വെള്ളത്തിെൻറ വരവ് ശക്തിയായതിനെ തുടർന്ന് ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറൻ മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയർന്നു. ആയിരത്തോളം വീടുകൾ വെള്ളത്തിലായി. മനയ്ക്കച്ചിറ,എ. സി കോളനി എന്നിവിടങ്ങളിൽനിന്നും ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും ക്യാമ്പുകളിലേക്കും മാറ്റി തുടങ്ങി.
ഞായറാഴ്ച പെരുന്ന ഗവ. യു. പി സ്കൂളിൽ ഒരു ക്യാമ്പ് പ്രവർത്തനം തുടങ്ങി. കൂടുതൽ ക്യാമ്പുകൾ പ്രവർത്തന സജ്ജമാണ്.കുറിച്ചി പഞ്ചായത്തിൽ 4 വീടുകൾ മഴയിൽ തകർന്നിട്ടുണ്ട്.
ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിൽ നിന്നും കെ. സി പാലം വരെയും അവിടെ നിന്നും കണക്ഷൻ ബോട്ടും സർവീസ് നടത്തുന്നുണ്ട്. ചങ്ങനാശ്ശേരി താലൂക് ഓഫിസിൽ 24 മണിക്കൂറും കൺട്രോൾ റൂം തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഫോൺ -0481-2420037.
ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
അയർക്കുന്നത്ത് സെൻറ് ജോസഫ് എൽ.പി.എസ്. പുന്നത്തുറ, അയന്നൂർ എച്ച്.എസ്., അയ്മനത്ത് സി.എം.എസ്. എൽ.പി.എസ്. ഒളശ, പി.ജെ.എം.യു.പി.എസ്. കല്ലുമട, ഏറ്റുമാനൂരിൽ സെൻറ് ആന്റണീസ് എൽ.പി.എസ്. കട്ടച്ചിറ, വിജയപുരത്ത് ജി.യു.പി.എസ്. വടവാതൂർ, പെരുമ്പായിക്കാട് എസ്.എച്ച്. മൗണ്ട് എച്ച്.എസ്.എസ്., എസ്.എൻ. എൽ.പി.എസ്. സംക്രാന്തി, പള്ളിപ്പുറം പള്ളി പാരിഷ് ഹാൾ, മണർകാട് ഇൻഫന്റ് ജീസസ് ബി.സി.എച്ച്.എസ്., കോട്ടയത്ത് ചാലുകുന്ന് സി.എൻ.ഐ. എൽ.പി.എസ് എന്നിവിടങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ചു.
ജില്ലയിൽ ആകെ 37 ക്യാമ്പുകളാണുള്ളത്. 587 കുടുംബങ്ങളിലായി 2225 പേരാണ് ക്യാമ്പിലുള്ളത്. കാഞ്ഞിരപ്പള്ളിയിൽ 20 ഉം കോട്ടയത്ത് 12 ഉം മീനച്ചിലിൽ അഞ്ചും ക്യാമ്പുകളാണുള്ളത്.
അതെ സമയം കുട്ടനാട്ടിൽ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.