പരിവർത്തിത ക്രൈസ്തവർക്കും പിന്നാക്കക്കാർക്കും കൂടുതൽ സംവരണം വേണം
text_fieldsതിരുവനന്തപുരം: ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നാക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പി.എസ്.സി നിയമനങ്ങളിൽ കൂടുതൽ സംവരണം അനുവദിക്കണമെന്നും തീരദേശത്തുള്ളവരുടെ പുനരധിവാസത്തിന് മെച്ചപ്പെട്ട പാക്കേജ് വേണമെന്നും ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ ശിപാർശ. ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ശിപാർശകളടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
തീരദേശ, മലയോര മേഖലകളിലും കുട്ടനാടന്‍ പ്രദേശത്തും അധിവസിക്കുന്ന ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും റിപ്പോർട്ടിലുള്ളത്.
തീരദേശത്ത് താമസിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളടക്കമുള്ളവർക്ക് പുനരധിവാസത്തിനുള്ള തുക കൂട്ടണം. വീട് വെച്ച് നൽകുന്നത് തീരത്തിനടുത്തായിരിക്കണം. മലയോരമേഖലയിൽ ക്രൈസ്തവരടക്കം എല്ലാവരും നേരിടുന്ന വന്യമൃഗ ഭീഷണിക്ക് പരിഹാരം വേണം. വന്യമൃഗ ആക്രമണങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. കുട്ടനാട്ടിലെ ജീവിതനിലവാരം ഉയര്‍ത്താനുള്ള സുപ്രധാന നിര്‍ദേശങ്ങളും കമീഷന് മുന്നോട്ടുവെച്ചു. ന്യൂനപക്ഷ സ്കോളർഷിപ് ചിലർ കൈക്കലാക്കുന്നെന്ന പരാതിയും പ്രതിഷേധവും ക്രൈസ്തവ വിഭാഗം ഉയർത്തിയ സാഹചര്യത്തിൽ രണ്ടുവർഷം മുമ്പാണ് ജസ്റ്റിസ് ജെ.ബി. കോശി കമീഷനെ സർക്കാർ നിയോഗിച്ചത്.
സ്കോളർഷിപ് വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ അതിൽ കമീഷൻ കാര്യമായി ഇടപെടൽ നടത്തിയിട്ടില്ല. പി.എസ്.സി നിയമനങ്ങളിൽ റൊട്ടേഷൻ പ്രകാരം പരിവർത്തിത ക്രൈസ്തവർ പിന്തള്ളപ്പെടുന്നെന്ന പരാതി ലഭിച്ചിരുന്നു.
ഇവർക്കും ക്രൈസ്തവ സമുദായത്തിലെ പിന്നാക്കക്കാർക്കും പി.എസ്.സി നിയമനങ്ങളിൽ സംവരണം കൂട്ടണമെന്നാണ് ശിപാർശ. ജില്ലകള്‍ തോറും നടത്തിയ സിറ്റിങ്ങിലും തപാലിലും അഞ്ച് ലക്ഷത്തോളം പരാതികളാണ് കമീഷന് ലഭിച്ചത്. 306 പേജുകളിൽ രണ്ട് ഭാഗങ്ങളായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ 500 ശിപാര്‍ശകളാണുള്ളത്. റിപ്പോർട്ടിനെക്കുറിച്ച് ജസ്റ്റിസ് ജെ.ബി. കോശി പരസ്യമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.