പങ്കാളികളെ കൈമാറൽ: പരാതിക്കാരിയെ കെട്ടിയിട്ട് മർദിച്ചു; കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തിയെന്നും സഹോദരൻ
text_fieldsകോട്ടയം: പങ്കാളികളെ പരസ്പരം കൈമാറിയ സംഭവത്തിൽ പരാതിക്കാരി അനുഭവിച്ചത് ക്രൂരമായ പീഡനങ്ങളെന്ന് സഹോദരന്റെ വെളിപ്പെടുത്തൽ. സഹോദരിയുടെ ഭർത്താവ് പൊതുസമൂഹത്തിൽ മാന്യനായി നടിക്കുന്നവനാണ്. 20 വ്യാജ ഐ.ഡികളാണ് ഇയാൾക്ക് ഫേസ്ബുക്കിലുള്ളത്. 2018ൽ ഇയാൾ സഹോദരിയോട് ഇത്തരത്തിൽ ആവശ്യപ്പെട്ടപ്പോൾതന്നെ അവൾ തങ്ങളെ അറിയിച്ചിരുന്നു. തുടർന്ന്, അവളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരുകയും പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
അന്ന്, താൻ തമാശ പറഞ്ഞതാണെന്നും ഇനി അങ്ങനെ ഉണ്ടാവില്ലെന്നും പറഞ്ഞ് കരഞ്ഞു. കൗൺസലിങ് നൽകിയശേഷമാണ് വീണ്ടും സഹോദരി അയാൾക്കൊപ്പം പോയത്. ശനിയാഴ്ച സഹോദരി വ്ലോഗറോട് സംസാരിക്കുന്ന ഓഡിയോ പുറത്തുവന്നപ്പോൾ മാത്രമാണ് വിവരങ്ങളറിഞ്ഞത്. ഞങ്ങളറിഞ്ഞിരുന്നെങ്കിൽ അപ്പോൾതന്നെ അയാളെ തീർത്തേനെ. അയാളെ പേടിച്ച് സഹോദരി പുറത്തുപറയാതിരിക്കുകയായിരുന്നു. ആദ്യത്തെ പ്രശ്നം കഴിഞ്ഞപ്പോൾ ഇനി അയാൾക്കൊപ്പം പോകേണ്ട എന്ന് ഞങ്ങൾ പറഞ്ഞിരുന്നു.
എന്നാൽ, അവൾക്ക് അയാളോടുള്ള ഇഷ്ടം കൊണ്ട് പോയതാണ്. ഇനിയും ഞങ്ങളോട് പറയാനാവില്ലെന്ന് കരുതിയാവും മറച്ചുവെച്ചത്. മാനസിക സമ്മർദം സഹിക്കാൻ പറ്റാതെയാണ് അവൾ വ്ലോഗറോട് സംസാരിച്ചത്. അന്നുതന്നെ പരാതി നൽകുകയായിരുന്നു. ഭർത്താവിനെക്കൂടാതെ എട്ടുപേർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. സഹോദരിയെ ഇഷ്ടമാണെന്ന് അയാൾ വീട്ടിൽ അറിയിക്കുകയായിരുന്നു. അന്ന് അയാൾ ഒമാനിൽ ജോലി ചെയ്യുകയായിരുന്നു. ഞങ്ങൾക്ക് താൽപര്യമുണ്ടായിരുന്നില്ലെങ്കിലും ജോലിയുള്ളതിനാലും മറ്റ് പരാതികളൊന്നും ഇയാളെക്കുറിച്ചുണ്ടായിരുന്നില്ല എന്നതിനാലും വിവാഹത്തിന് തയാറായി.
2014ൽ ആയിരുന്നു കല്യാണം. ഞങ്ങൾ വാങ്ങിനൽകിയ വീട്ടിലാണ് സഹോദരിയും ഭർത്താവും താമസിച്ചിരുന്നത്. അയാളുടെ വീട്ടുകാരുമായി സഹകരണമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് കുറെനാൾ സന്തോഷത്തിലായിരുന്നു. മൂത്ത കുഞ്ഞുണ്ടായ ശേഷമാണ് ഇയാളിൽ മാറ്റങ്ങൾ തുടങ്ങിയത്. അന്നുവരെ സഹോദരിക്ക് ഫോൺ ഉണ്ടായിരുന്നില്ല. അതിനുശേഷം ഫോൺ വാങ്ങി നൽകി. ഇത്തരം കാര്യങ്ങൾക്ക് പ്രേരിപ്പിക്കുകയായിരുന്നു. വിസമ്മതിച്ചപ്പോള് കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തി. അമ്മ വിചാരിച്ചാൽ കൂടുതൽ പണം കിട്ടുമെന്നുവരെ മക്കളോട് പറഞ്ഞു.
വിവാഹം, പിറന്നാൾ, ജോലി കിട്ടിയതിന്റെ ചെലവ് എന്നൊക്കെ പല കാരണങ്ങൾ പറഞ്ഞാണ് പലരുടെയും വീടുകളിലേക്ക് കൊണ്ടുപോയിരുന്നത്. ഇത്തരത്തിൽ ആലപ്പുഴക്ക് പോകാനിരിക്കുകയായിരുന്നു.
പരാതി പറയാൻ കഴിയാതെ, നിസ്സഹായരായ മറ്റു സ്ത്രീകളും ഇതിൽ പെട്ടിട്ടുണ്ട്. സഹോദരിയെ ദ്രോഹിച്ചവർക്കെതിരെ ഏതറ്റം വരെയും പോകും. വലിയ ആളുകളാണ് അവരുടെ കൂട്ടത്തിലുള്ളത്. ജീവന് ഭീഷണിയുണ്ടെന്നും സഹോദരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.