കടുവയെ പിടിക്കാൻ കൂടുതൽ സംഘങ്ങൾ
text_fieldsഎം.പി സന്ദര്ശിക്കുന്നുവാകേരി: യുവാവിനെ കൊന്ന കടുവയെ പിടികൂടാൻ ഒരാഴ്ച കഴിഞ്ഞിട്ടും കഴിയാത്ത സാഹചര്യത്തിൽ കൂടുതൽ റാപ്പിഡ് റെസ്പോൺസ് ടീമിനെ ഇറക്കാൻ തീരുമാനിച്ചു. വാകേരിയിൽ ചേർന്ന രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ഞായറാഴ്ച തന്നെ അതിനുള്ള നടപടി സ്വീകരിക്കുമെന്ന് സി.സി.എഫ് കെ.എസ്. ദീപ അറിയിച്ചു. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള ആർ.ആർ.ടികളെ എത്തിക്കും. കടുവയെ അന്വേഷണ സംഘം തിരച്ചിലിനിടെ കണ്ടെത്തിയിരുന്നു. എന്നാൽ, ചതുപ്പ്നിറഞ്ഞ സ്ഥലമായതുകൊണ്ട് വെടിവെക്കാൻ കഴിഞ്ഞില്ല. നിലവിൽ കാപ്പിത്തോട്ടത്തിൽ കാപ്പിക്കുരു പഴുത്തിരിക്കുന്ന സമയമാണ്. കടുവ പേടിമൂലം കാപ്പി പറിക്കാനായി തോട്ടത്തിലിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. കാപ്പി പറിക്കാൻ ആവശ്യമായ സംരക്ഷണം വനംവകുപ്പ് നൽകുമെന്ന് അധികൃതർ അറിയച്ചു. കുട്ടികളെ സ്കൂളിൽ എത്തിക്കാനും തിരിച്ചുമുള്ള സംരക്ഷണം പൊലീസും വനംവകുപ്പും വേണ്ടി വന്നാൽ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇവിടെ പി.സി.സി.എഫ് ലെവലിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. രേഖാമൂലം വനംവകുപ്പ് മന്ത്രിക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചിട്ടുണ്ട്. കടുവ ശല്യം വയനാട്ടിൽ കൂടുതലാണ്. ഡി.എഫ്.ഒ ഷജ്ന കരീം, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രജീഷിന്റെ വീട് ശശി തരൂര്‍ സന്ദര്‍ശിച്ചു
സുല്‍ത്താന്‍ബത്തേരി: വയനാട് വാകേരി കൂടല്ലൂരില്‍ കടുവ കൊലപ്പെടുത്തിയ പ്രജീഷിന്റെ വീട് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം ശശി തരൂര്‍ എം.പി സന്ദര്‍ശിച്ചു. വന്യമൃഗ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ വനംവകുപ്പിന് ആവശ്യമായ ധനസഹായം നല്‍കണം. വന്യമൃഗങ്ങള്‍ കാടിന് പുറത്തിറങ്ങാത്ത വിധത്തില്‍ ഫലപ്രദമായ സംവിധാനങ്ങളടക്കം നടപ്പിലാക്കണമെന്നും ഇത് കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും തരൂര്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്, ബിനുതോമസ്, സണ്ണി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.