നഷ്ടമായത് 10 ഏക്കറിലധികം ഭൂമി; നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി അട്ടപ്പാടി വരഗംപാടി ഊരിലെ രാമകൃഷ്ണൻ
text_fieldsകോഴിക്കോട്: ടി.എൽ.എ കേസിൽ നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി അട്ടപ്പാടി വരഗംപാടിയിലെ ഊര് മൂപ്പൻ രാമകൃഷ്ണൻ. പാലക്കാട് കലക്ടർ നടത്തിയ അദാലത്തിലാണ് 10 ഏക്കറിലധികം ഭൂമി നഷ്ടപ്പെട്ട അദ്ദേഹം പരാതി നൽകിയത്. കലക്ടർ അട്ടപ്പാടി താലൂക്ക് തഹസിൽദാർക്ക് പരാതി കൈമാറി. ഭൂമി തട്ടിയെടുത്തത് സംബന്ധിച്ച് രാമകൃഷ്ണൻ വിജിലൻസിനും പരാതി നൽകിയെന്ന് 'മാധ്യമം ഓൺലൈനോ'ട് പറഞ്ഞു. വിജിലൻസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അന്വേഷണത്തിന് എത്തിയിരുന്നു.
അട്ടപ്പടി ഷോളയൂർ വില്ലേജിൽ സർവേ നമ്പർ 1417/1,2,3, 1418/1, 2 എന്നിവയിലായി കൊത്തുകാട് കൃഷിചെയ്യുന്ന ഭൂമി മുത്തച്ഛൻ സുബ്ബറാവു മൂപ്പന്റെ പേരിലായിരുന്നു. സ്വകാര്യവ്യക്തികൾ ഈ ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറി. നിയമവിരുദ്ധമായി നടത്തിയ കൈയേറ്റത്തിനെതിരെ ഒറ്റപ്പാലം ആർഡി.ഒക്ക് പരാതി നൽകിയിരുന്നു. 1975ൽ നിയമസഭ പാസാക്കിയ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തരിച്ചുപിടിക്കുന്നതിനുള്ള നിയമപ്രകാരം സുബ്ബറാവു മൂപ്പനാണ് പരാതി നൽകിയത്.
ഇതിൽ ഒറ്റപ്പാലം റവന്യൂ വിഷണൽ ഓഫിസർ (ആർ.ഡി.ഒ) മുത്തച്ഛന് അനുകൂലമായി ഉത്തരവിട്ടിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് എതിർകക്ഷികളുടെ കൈവശമുള്ള എല്ലാ ആധാരങ്ങളും രേഖകളും പരിശോധിച്ചാണ് ആർ.ഡി.ഒ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീട് 1975-ലെ ടി.എൽ.എ ഉത്തരവുകളെയെല്ലാം 1999-ലെ പട്ടികവർഗ്ഗ ഭൂമി പുനസ്ഥാപന നിയമത്തിന്റെ പരിധിയിലുൾപ്പെടുത്തി രണ്ടാമതും മൂന്നാമതുമായി വിചാരണ നടത്തി.
1999-ലെ ഭൂനിയമത്തിൽ ആർഡി.ഒ ഉത്തരവ് പുറപ്പെടുവിച്ച് ഭൂമി തിരിച്ചു പിടിക്കണമെന്ന് നിർദേശിക്കുന്നില്ല. എന്നാൽ, അട്ടപ്പാടിയിലെ റവന്യൂ ഉദ്യോഗസ്ഥന്മാർ മുൻവിധിയോടും വിവേചനപരമായ സമീപനത്തോടും കൂടിയാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വിഷയത്തെ നോക്കി കാണുന്നത്. അവർ ഭൂമി തട്ടിയെടുത്തവർക്കുവേണ്ടി നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു. ഭരണഘടനാ ലംഘനം നടത്തി ആദിവാസികൾക്ക് നീതി നിഷേധിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
നിയമപ്രകാരം ടി.എൽ.എ കേസുകളുടെയും അന്തിമ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ പൂർവികമായി അവകാശപ്പെട്ട 10 ഏക്കറിലധികം വരുന്ന മുഴുവൻ ഭൂമികളും വീണ്ടെടുത്ത് കിട്ടണം. വ്യാജ ആധാരങ്ങളുടെ മറവിൽ എതിർകക്ഷികൾ നാളിതുവരെയായി നടത്തിയിട്ടുള്ള ഭൂമി കൈയേറ്റങ്ങളും കൈമാറ്റങ്ങളും നിയമവിരുദ്ധമാണ്. തുടർന്ന് നടത്താൻ പോകുന്ന ഭൂമി കൈമാറ്റങ്ങളും കൂടി തടയണം. ഭൂമി കൈയേറ്റത്തിൽ നിയമനടപടികൾ സ്വീകരിക്കണം. ഇക്കാര്യത്തിൽ 1989-ലെ പട്ടികജാതി-വർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമുള്ള തുടർനടപടികളും എതിർകക്ഷികളുടെ പേരിൽ സ്വീകരിക്കണമെന്നും പരാതിയിൽ രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.