പരിഷ്കാരം പാളി: ജി.എസ്.ടി കുടിശ്ശിക പിരിക്കാനാവാതെ 10,000ത്തിലധികം കേസുകൾ
text_fieldsതൃശൂർ: സംസ്ഥാന ചരക്ക് സേവന വകുപ്പ് (ജി.എസ്.ടി) കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ നടപ്പാക്കിയ പരിഷ്കാരം പാളി. ഇതുമൂലം സംസ്ഥാനത്ത് 10,000ത്തിലധികം കേസുകളിൽ തുടർനടപടി സ്വീകരിക്കാനാവുന്നില്ല. കാര്യങ്ങൾ മുടന്തുന്നതിനാൽ കടംകൊണ്ട് മെലിഞ്ഞ ഖജനാവിലേക്ക് ലഭിക്കാതെ പോകുന്നത് കോടികൾ. ഒരുഭാഗത്ത് സോഫ്റ്റ്വെയർ നവീകരണം മൂലമുള്ള തടസ്സം. മറുഭാഗത്ത് റവന്യൂ റിക്കവറി അടക്കം അധിക ജോലി. സോഫ്റ്റ്വെയർ പണിമുടക്കിൽ മൂല്യനിര്‍ണയ കാര്യങ്ങൾ തകിടംമറഞ്ഞിരിക്കുന്നതിനിടെയാണ് അമിതജോലി. വിവിധ മേഖലകളിൽ മൂല്യനിര്‍ണയം ഓഫ്ലൈനിൽ നടത്താനാണ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. സോഫ്റ്റ്വെയർ പണിമുടക്ക് തീരുന്നതോടെ ഇവ അപ്ലോഡ് ചെയ്താൽ മതിയെന്നാണ് മുകളിൽനിന്നുള്ള വാക്കാൽ നിർദേശം.
പ്രീ ജി.എസ്.ടി നിയമങ്ങളിൽ വീണ്ടെടുപ്പ് (റിക്കവറി) അല്ലാതെ ഇതര ജോലികളൊന്നും നടക്കുന്നില്ല. നിലവിൽ രജിസ്ട്രേഷനുള്ള നികുതി ദാതാവിന്‍റെ വീണ്ടെടുപ്പ് നടപടികൾ ജില്ലയിലെ ഇൻസ്പെക്ടിങ് ഡെപ്യൂട്ടി കമീഷണർമാരും മറ്റുള്ളവ റവന്യൂ വകുപ്പുമാണ് നടപ്പാക്കുന്നത്. എന്നാൽ, റവന്യൂ റിക്കവറി നടപടി കൂടി ജി.എസ്.ടിയെ ഏൽപിച്ച സാഹചര്യത്തിൽ നടപടികൾ തുടങ്ങാനായിട്ടില്ല. അതുകൊണ്ടുതന്നെ ജി.എസ്.ടി നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടികളും ഇതുവരെ തുടങ്ങിയിട്ടില്ല. നാഷനൽ ഇൻഫർമാറ്റിക്സ് സെന്‍റർ (എൻ.ഐ.സി) നിർമിച്ച ഡിപ്പാർട്മെന്‍റ് സോഫ്റ്റ്വെയർ ജി.എസ്.ടി നെറ്റ്വർക്കിന്‍റെ മോഡൽ 2 ബാക്ക് എൻഡിലേക്ക് മാറ്റി ജി.എസ്.ടി നികുതി കുടിശ്ശികകൾ വീണ്ടെടുക്കുന്നതിന് സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, സോഫറ്റ്വെയർ പണിമുടക്ക് തുടരുകയാണ്. ഇതോടൊപ്പം തന്നെ റിക്കവറി ഓഫിസർ ആരാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച് ഒരു ഉത്തരവും ഇതുവരെ ഇറക്കിയിട്ടില്ല.
റവന്യൂ റിക്കവറി തുക ചലാൻ വഴി സംസ്ഥാന ട്രഷറിയിൽ അടക്കുന്ന രീതിയാണ് ഇതുവരെ ഉണ്ടായിരുന്നത്. പരിഷ്കരണത്തിന്‍റെ ഭാഗമായി കുടിശ്ശികകൾ ജി.എസ്.ടിക്ക് നേരിട്ട് അടക്കുകയാണ് വേണ്ടത്. എന്നാൽ, ഇതെല്ലാം എങ്ങനെ നടത്തണമെന്ന കാര്യത്തിൽ പരിശീലനം അടക്കം നൽകിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.