കേരളത്തിൽ 200ലധികം ജീവിവർഗങ്ങൾ വംശനാശ ഭീഷണിയിൽ
text_fieldsകോഴിക്കോട്: കേരളത്തിലെ 200ലധികം ജീവിവർഗങ്ങൾ വംശനാശഭീഷണി നേരിടുന്നതായി ഐ.യു.സി.എൻ (ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ).സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മത്സ്യങ്ങൾ, തുമ്പികൾ, കടുവ ചിലന്തികൾ തുടങ്ങിയവയാണ് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ 'റെഡ്ബുക്കിൽ' ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, കേരളത്തിലെ ചിത്രശലഭങ്ങൾ പട്ടികയിലില്ല.
റെഡ്ബുക്കിലുൾപ്പെടാത്ത ജീവികളും വംശനാശഭീഷണിയിലാണെന്ന് കേരള ജൈവവൈവിധ്യ ബോർഡിന്‍റെ സഹായത്തോടെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോഴിക്കോട് പ്രാദേശികകേന്ദ്രം നടത്തിയ പഠനത്തിൽ വ്യക്തമായി. സുവോളജിക്കൽ സർവേഓഫ് ഇന്ത്യയുടെ കോഴിക്കോട് പ്രാദേശിക കേന്ദ്രം മുൻ മേധാവി ഡോ. പി.എം.സുരേഷൻ, ചെന്നൈ കേന്ദ്രത്തിലെ ഡോ. സുബ്രഹ്മണ്യൻ, പൂണെ കേന്ദ്രത്തിലെ ഡോ. ജാഫർ പാലോട് എന്നിവരാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്.
കേരളത്തിനകത്തും പുറത്തുമുള്ള ഏകദേശം18ഓളംഗവേഷണ സ്ഥാപനങ്ങളിലെ 45ഓളം വിദഗ്ധർ ഈ പഠനത്തിൽ പങ്കാളികളായി. ഡോ. നമീർ (സസ്തനികൾ), ഡോ. പ്രവീൺ, ഡോ. ശശികുമാർ (പക്ഷികൾ),ഡോ. ജാഫർപാലോട്ട് (ഉരഗങ്ങൾ), ഡോ. കലേഷ്, ബാലകൃഷ്ണൻ വളപ്പിൽ (ചിത്രശലഭങ്ങൾ),ഡോ. ദിനേശ് (ഉഭയ ജീവികൾ),ഡോ. രാജീവ് രാഘവൻ,ഡോ. ബിജുകുമാർ (മത്സ്യങ്ങൾ), ഡോ. സുബ്രഹ്മണ്യൻ (തുമ്പികൾ), ഡോ. സമീർ (ഞണ്ടുകൾ),ഡോ. സുനിൽ ജോസ്, ഡോ. സൗവിക് സെൻ (കടുവാചിലന്തികൾ), ഡോ. അരവിന്ദ് (കക്കവർഗങ്ങൾ), എന്നിവരാണ് ഈ പഠനത്തിന് നേതൃത്വം നൽകിയവർ.
214 ജീവികളാണ് സംസ്ഥാനത്ത് വംശനാശ ഭീഷണിയിലുള്ളത്. 31 ഇനം സസ്തനികൾ, 20 ഇനം പക്ഷികൾ, 54 വീതം ഇനം ഉരഗവർഗങ്ങളും തവളകളും, 35 ഇനം ശുദ്ധജല മതസ്യങ്ങൾ, 49 ചിത്രശലഭങ്ങൾ, നാലിനം കടുവ ചിലന്തികൾ, മൂന്നിനം ശുദ്ദധജല കക്ക വർഗങ്ങൾ എന്നിവ വംശനാശ ഭീഷണി നേരിടുന്നു. മൂന്ന് ഇനം സസ്തനികൾ,ഏഴിനം പക്ഷികൾ, രണ്ടിനം ഉരഗങ്ങൾ, മൂന്നിനം തവളകൾ, ഒമ്പത് ശുദ്ധ ജല മത്സ്യങ്ങൾ, അഞ്ച് ചിത്രശലഭങ്ങൾ, രണ്ട് തുമ്പികൾ, നാല് ശുദ്ധജല ഞണ്ടുകൾ എന്നിവയെ 2002ലെ ജൈവ വൈവിധ്യ നിയമത്തിന്റെ 38 ആം ഖണ്ഡികയിൽ ഉൾപെടുത്തി സംരക്ഷണം ഉറപ്പാക്കാൻ ജൈവ വൈവിധ്യ ബോർഡിനോട് ശിപാർശ ചെയ്തിട്ടുണ്ട്.
നീർനായ, ഈനംപേച്ചി, കുട്ടിതേവാങ്ക്, വിവിധ ഇനം വെരുകുകൾ,വെള്ളിമുങ്ങ,തത്തകൾ,തൂക്കണാംകുരുവി, നക്ഷത്ര ആമകൾ,പെരുമ്പാമ്പ്, ഉടുമ്പ്,ഇരുതലമൂരി,പാമ്പുകൾ എന്നീ ഇനങ്ങളാണ് വേട്ടയാടലും വന്യജീവി കച്ചവടത്താലും ഗുരുതര ഭീഷണി നേരിടുന്നത്. നിയന്ത്രണമില്ലാത്ത മീൻപിടിത്തവും അധിനിവേശ മത്സ്യ വർഗങ്ങളുടെ വംശ വർധനവും കാരണം കൂരി,വരാൽ, മുശി, മഞ്ഞളേട്ട,വാള എന്നീ മത്സ്യവർഗങ്ങളും അപ്രത്യക്ഷമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.