സംസ്ഥാനത്ത് ഉൾനാടൻ ജലയാനങ്ങൾ 3600ലേറെ; പരിശോധിക്കാൻ മൂന്ന് ഉദ്യോഗസ്ഥർ മാത്രം
text_fieldsകൊച്ചി: സംസ്ഥാനത്ത് 3600ലേറെ വരുന്ന ഉൾനാടൻ ജലയാനങ്ങൾ പരിശോധിക്കാൻ കേരള മാരിടൈം ബോർഡിലുള്ളത് മൂന്ന് ഉദ്യോഗസ്ഥർ മാത്രം. യാത്രബോട്ടുകളും വിനോദസഞ്ചാരത്തിനുള്ളവയും ചില കപ്പലുകൾ വരെ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ട ചുമതല ഈ ഉദ്യോഗസ്ഥർക്കാണ്. അനധികൃത സർവിസ് നടത്തുന്ന യാനങ്ങൾ പിടിച്ചെടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ട ചുമതലയും മാരിടൈം ബോർഡിനാണ്. എന്നാൽ, അതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
എറണാകുളം മുതൽ കാസർകോട് വരെ പരിശോധിക്കാൻ ഒറ്റ ഉദ്യോഗസ്ഥനാണുള്ളത്. ഏറ്റവും കൂടുതൽ ബോട്ടുകളുള്ള ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള മേഖലയിലെ പരിശോധനക്ക് രണ്ട് ഉദ്യോഗസ്ഥർ മാത്രവുമാണുള്ളത്. ഇൻലാൻഡ് വെസൽ സർവേയർ എന്ന തസ്തികയിലുള്ളവരാണ് യാനങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകേണ്ടത്. എല്ലായിടത്തും ഓടിയെത്താൻ കഴിയുന്നില്ലെന്ന് ഇപ്പോൾ ഈ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നു. മൂന്നുപേരുള്ളതിൽ ഒരാൾ പോർട്ട് ഓഫിസറാണ്. ഇദ്ദേഹത്തിന് വെസൽ സർവേയറുടെ അധിക ചുമതലയാണ് നൽകിയിരിക്കുന്നത്.
കേരള ഇൻലാൻഡ് വെസൽ എന്ന നിലയിൽ രജിസ്റ്റർ ചെയ്ത യാനങ്ങളുടെയെല്ലാം പരിശോധനയാണ് മാരിടൈം ബോർഡിനുള്ളത്. മോട്ടോർ വാഹന വകുപ്പ് റോഡിൽ വാഹന പരിശോധന നടത്തുന്നതിനു തുല്ല്യമായ നിലയിൽ കായലുകളിലും നദികളിലും ഓടുന്ന യാനങ്ങളുടെ പരിശോധന നടത്തേണ്ട ഉത്തരവാദിത്തം മാരിടൈം ബോർഡിനാണ്. ഇക്കാര്യത്തിലാണ് ബോർഡ് ഇതുവരെ ഒന്നും ചെയ്യാതെ ഗുരുതര വീഴ്ച വരുത്തിയിരിക്കുന്നത്. ഇതുമൂലമാണ് ഏതുവിധത്തിലുള്ള വള്ളങ്ങളിലും ബോട്ടുകളിലും യഥേഷ്ടം ആളെ കയറ്റിപ്പോകാവുന്ന സ്ഥിതി നിലനിൽകുന്നത്.
വർഷം തോറും ബോട്ടുകളുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകേണ്ട ചുമതലയും ഇൻലാൻഡ് വെസൽ സർവേയർമാർക്കാണ്. രൂപമാറ്റംവരുത്തുന്ന ബോട്ടുകളുടെ അടക്കം പരിശോധന ഇവരുടെ ചുമതലയാണ്. ബോട്ടിന്റെ ഭാരവാഹന ശേഷി, പരമാവധി കയറ്റാവുന്ന ആളുകളുടെ എണ്ണം നിശ്ചയിക്കൽ, ബലവത്താണോ എന്ന പരിശോധന എന്നിവയെല്ലാം ഇൻലാൻഡ് വെസൽ സർവേയർമാരാണ് നിർവഹിക്കുന്നത്.
2015ൽ സംസ്ഥാന സർക്കാർ കേരള ഇൻലാൻഡ് വെസൽ റൂൾസിൽ ഭേദഗതി വരുത്തി എൻഫോഴ്സ്മെന്റ് വിങ് രൂപവത്കരിച്ച് ചട്ടം ഉണ്ടാക്കിയിട്ടുണ്ട്. ചട്ടം അനുസരിച്ചുള്ള നടപടി മുന്നോട്ടുപോകവെയാണ് പോർട്ട് ഡിപ്പാർട്ട്മെന്റ് നിർത്തി കേരള മാരിടൈം ബോർഡ് രൂപവത്കരിച്ചത്. ബോർഡ് നിലവിൽവന്ന് രണ്ടുവർഷം കഴിഞ്ഞപ്പോഴേക്ക് ബോർഡ് പുനഃസംഘടിപ്പിച്ചു.
അപ്പോഴേക്കും കേന്ദ്രസർക്കാർ ഇൻലാൻഡ് വെസൽ ആക്ട് മാറ്റി. ആ നിയമം അനുസരിച്ച് ഇനി 95 ഓളം ചട്ടങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇതെല്ലാമാണ് പരിശോധന സംഘത്തെ നിയോഗിക്കാൻ തടസ്സമായതെന്നാണ് ബോർഡ് പറയുന്നത്. 2015ൽ എൻഫോഴ്സ്മെന്റ് വിങ് രൂപവത്കരിച്ച് ഉണ്ടാക്കിയ ചട്ടം അനുസരിച്ചാണ് ഇപ്പോൾ പരിശോധന ടീമിനെ നിയോഗിക്കുന്നത്. ഇത് നേരത്തേ ചെയ്യാമായിരുന്നുവെങ്കിലും അനാസ്ഥ കാട്ടിയെന്നാണ് വ്യക്തമാകുന്നത്.
വ്യാപക പരിശോധന നടത്തും -മാരിടൈം ബോർഡ് ചെയർമാൻ
കൊച്ചി: തങ്ങളുടെ കൈയിലുള്ള ജീവനക്കാരെ ഉപയോഗിച്ച് രണ്ടുമാസത്തിനുള്ളിൽ സ്പെഷൽ ഡ്രൈവ് എന്ന നിലയിൽ വ്യാപകമായ പരിശോധന നടത്തുമെന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള മാധ്യമത്തോട് പറഞ്ഞു.
പൊലീസിന്റെ കൂടി സഹായത്തോടെ നാല് ടീമുകളെ നിയോഗിക്കും. അനധികൃത ബോട്ടുകളാണോ, രജിസ്ട്രേഷൻ ഉണ്ടോ, വാർഷിക സർവേ നടത്തിയിട്ടുണ്ടോ, ലൈഫ് ജാക്കറ്റുകൾ എല്ലാ യാത്രക്കാർക്കും നൽകിയിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കും. രണ്ട് സർവേയർമാരെ കൂടി ഉടൻ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.