കൊല്ലം ബൈപാസിൽ വാഹനാപകടങ്ങൾ തുടർക്കഥ: രണ്ടുവർഷം തികയും മുമ്പ് 500 ലേറെ അപകടം
text_fieldsഅഞ്ചാലുംമൂട്: വാഹനാപകടങ്ങൾ തുടർക്കഥയായിട്ടും കൊല്ലം ബൈപാസിലെ നിരീക്ഷണ കാമറ സ്ഥാപിക്കൽ ഇഴയുന്നു.
ബൈപാസിൽ അപകടങ്ങൾ വർധിച്ചതോടെ മോട്ടോർ വാഹന വകുപ്പ്, പൊലീസ്, ദേശീയപാത അധികൃതർ തുടങ്ങിയവരെത്തി പരിശോധന നടത്തി, കാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ അടയാളപ്പെടുത്തുകയും കെൽട്രോണിന് ചുമതല നൽകുകയും ചെയ്തിരുന്നു.
ആൽത്തറമൂട് മുതൽ മേവറം വരെ 36 കാമറകൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ കാമറകളിൽ അമിത വേഗം തിരിച്ചറിയുന്നതിനും ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള അത്യാധുനിക കാമറകളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, കഴിഞ്ഞമാസം കാമറകൾ സ്ഥാപിക്കുമെന്നറിയിച്ചിരുന്നെങ്കിലും പ്രാരംഭനടപടികൾപോലും ആരംഭിച്ചിട്ടില്ല.
ബൈപാസ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം തികയുന്നതിനിടയിൽ അപകടങ്ങളുടെ എണ്ണം 500 ലേറെയാണ്. പാലങ്ങളിലെ അമിതവേഗവും ഓവർ ടേക്കിങ്ങുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഇരുചക്രവാഹനങ്ങളടക്കം യാതൊരുവിധ നിയന്ത്രണവുമില്ലാതെ അമിതവേഗത്തിലാണ് കടന്നുപോകുന്നത്.
പാലങ്ങൾ കടന്നുപോകുന്ന കുരീപ്പുഴ, നീരാവിൽ, കടവൂർ ഭാഗങ്ങളിൽ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ ഓവർ ടേക്ക് ചെയ്യുന്നത് കാൽനടയാത്രക്കാർക്ക് കടുത്ത ഭീഷണിയാണ്.
ബൈപാസിൽ കാമറകൾ സ്ഥാപിക്കും വരെ അമിതവേഗം നിയന്ത്രിക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ബൈപാസിലെ അപകടങ്ങൾ തടയാൻ വാഹനയാത്രക്കാർക്ക് ബോധവത്കരണം നൽകുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.