കുട്ടികളെ കാത്ത് അധ്യാപകരില്ലാത്ത ക്ലാസ് മുറികൾ; സർക്കാർ സ്കൂളുകളിൽ മാത്രം 6000ൽ അധികം അധ്യാപക ഒഴിവ്
text_fieldsതിരുവനന്തപുരം: ബുധനാഴ്ച പുതിയ അധ്യയനവർഷം തുടങ്ങുമ്പോൾ നൂറുകണക്കിന് സ്കൂളുകളിൽ കുട്ടികളെത്തുന്നത് അധ്യാപകരില്ലാത്ത ക്ലാസ് മുറികളിലേക്ക്. പൊതുവിദ്യാലയങ്ങളിൽ ലക്ഷക്കണക്കിന് കുട്ടികൾ വർധിച്ചെന്ന സർക്കാർ അവകാശവാദത്തിനിടെയാണ് ഈ അവസ്ഥ. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ പുതിയ നിയമനങ്ങളിൽ 'ചവിട്ടിപ്പിടിത്ത'മാണ്.
കഴിഞ്ഞ നവംബർ ഒന്നിന് നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടി പ്രകാരം സർക്കാർ സ്കൂളുകളിൽ മാത്രം 8376 അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടന്നിരുന്നത്. ഇതിൽ 1560ഓളം പ്രഥമാധ്യാപക തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റം പിന്നീട് നടത്തി. 3200ഓളം അധ്യാപക നിയമനങ്ങൾ രണ്ടാം പിണറായി സർക്കാർ പി.എസ്.സി വഴി നടത്തിയെന്നാണ് ഒന്നാം വാർഷിക ദിനത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട കണക്ക്. ഇതുകൂടി പരിഗണിച്ചാൽ നേരേത്ത ഒഴിവുണ്ടായിരുന്ന 8376ൽ 3616 എണ്ണത്തിലേക്ക് നിയമനം നടന്നിട്ടില്ല.
കഴിഞ്ഞ അധ്യയനവർഷത്തിെൻറ അവസാനം വരെ നടന്ന വിരമിക്കൽ കൂടി പരിഗണിച്ചാൽ സർക്കാർ സ്കൂളുകളിലെ അധ്യാപക ഒഴിവുകളുടെ എണ്ണം 6000ന് മുകളിലുണ്ടെന്നാണ് ഏകദേശ കണക്ക്. മലപ്പുറം ജില്ലയിൽ മാത്രം 862 എൽ.പി സ്കൂൾ ടീച്ചർ ഒഴിവുകളുണ്ടെന്നാണ് വിവരാവകാശ മറുപടിയിൽ വ്യക്തമാകുന്നത്. ഇതിൽ നിയമനത്തിന് പി.എസ്.സി തയാറാക്കിയ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത് 997പേർ മാത്രവും. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടുമില്ല. ജില്ലയിൽ 150ൽ പരം യു.പി അധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു.
സ്ഥിരം നിയമനങ്ങളിൽ ധനവകുപ്പ് സമ്മർദത്തിൽ വിദ്യാഭ്യാസ വകുപ്പ് മെല്ലെപ്പോക്ക് നയത്തിലേക്ക് മാറുകയായിരുന്നു. ഇപ്പോൾ നിയമനം നടത്തിയെന്ന് അവകാശപ്പെടുന്ന 3200ഓളം തസ്തിക കോവിഡ് കാരണം സ്കൂൾ അടഞ്ഞുകിടന്ന രണ്ട് വർഷത്തിനിടെ പി.എസ്.സി നിയമന ശിപാർശ നൽകിയവയാണ്.
സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ നിയമനം മാസങ്ങളോളം വൈകിപ്പിക്കുകയായിരുന്നു. ഉദ്യോഗാർഥികൾ കൂട്ടത്തോടെ ഹൈകോടതിയിലെത്തിയതോടെയാണ് നിയമനം നൽകാൻ വിദ്യാഭ്യാസ വകുപ്പ് നിർബന്ധിതമായത്.
സ്കൂൾ തുറക്കുമ്പോൾ അധ്യാപകരുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ താൽക്കാലിക അധ്യാപക നിയമനത്തിനാണ് ശ്രമം. സ്കൂൾതലത്തിൽ താൽക്കാലിക നിയമനത്തിന് അനുമതി നൽകിയ ശേഷം എംേപ്ലായ്മെന്‍റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയതും ആശയക്കുഴപ്പത്തിനിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.