ഏഴായിരത്തിൽപരം തീർഥാടകർ യാത്രയായി; ഹജ്ജ് ക്യാമ്പ് സമാപിച്ചു
text_fieldsനെടുമ്പാശ്ശേരി: നാഥന്റെ വിളികേട്ട് വിശുദ്ധ ഭൂമിയിലേക്ക് തിരിച്ച ഏഴായിരത്തോളം തീർഥാടകരെ യാത്രയാക്കിയ സംതൃപ്തിയോടെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പിന് സമാപനമായി. സമാപന ദിനമായ വ്യാഴാഴ്ച മൂന്ന് വിമാനം സർവിസ് നടത്തി. രാവിലെ 6.50ന് പുറപ്പെട്ട എസ്.വി 5739 വിമാനത്തിൽ 135 പുരുഷന്മാരും 230 സ്ത്രീകളും വൈകീട്ട് ആറിനുള്ള എസ്.വി 5747 നമ്പർ വിമാനത്തിൽ 178 പുരുഷന്മാരും 182 സ്ത്രീകളും രാത്രി 10.55നുള്ള എസ്.വി 5743 നമ്പർ വിമാനത്തിൽ 159 പുരുഷന്മാരും 142 സ്ത്രീകളുമാണ് യാത്രയായത്.
ആകെ 7727 തീർഥാടകരാണ് നെടുമ്പാശ്ശേരി വഴി ഹജ്ജിന് പുറപ്പെട്ടത്. ഇതിൽ 3070 പേർ പുരുഷന്മാരും 4657 സ്ത്രീകളുമാണ്. ഇവരിൽ 5766 പേർ കേരളത്തിൽനിന്നുള്ളവരാണ്. 1672 പേർ തമിഴ്നാട്ടിൽനിന്നുള്ളവരും 143 പേർ ലക്ഷദ്വീപിൽനിന്നുള്ളവരും 103 പേർ അന്തമാനിൽനിന്നുള്ളവരും 43 പേർ പുതുച്ചേരിയിൽനിന്നുള്ളവരുമാണ്. മദീന സന്ദർശനം പൂർത്തിയാക്കിയ സംഘങ്ങൾ കഴിഞ്ഞ ദിവസം മുതൽ മക്കയിൽ എത്തിത്തുടങ്ങി.
38 വളന്‍റിയർമാരാണ് ഹാജിമാരോടൊത്ത് യാത്ര പുറപ്പെട്ടത്. മന്ത്രി വി. അബ്ദുറഹ്മാൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ ജാഫർ മാലിക്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മൊയ്തീൻ കുട്ടി, സഫർ കയാൽ, ഉമർ ഫൈസി മുക്കം, മുഹമ്മദ് ഖാസിം കോയ, ഡോ. ഐ.പി. അബ്ദുസ്സലാം, പി.പി. മുഹമ്മദ് റാഫി, പി.ടി. അക്ബർ, സിയാൽ എക്സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീർ, സീനിയർ ഓപറേഷൻ മാനേജർ ദിനേശ് കുമാർ, മുൻ എം.എൽ.എ എ.എം. യൂസുഫ്, മുൻ ജി.സി.ഡി.എ ചെയർമാൻ അഡ്വ. വി. സലീം, സിയാൽ എൻജിനീയർ രാജേന്ദ്രൻ, അസി. സെക്രട്ടറി എൻ. മുഹമ്മദലി, സെൽ ഓഫിസർ എസ്. നജീബ്, സ്പെഷൽ ഓഫിസർ യു. അബ്ദുൽ കരീം, കോഓഡിനേറ്റർ മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.
ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മുൻ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ എച്ച്. മുസമ്മിൽ, എം.എസ്. അനസ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.