രാഷ്ട്രപതിക്ക് വിട്ടത് ഡസനിലേറെ ബില്ലുകൾ; തീരുമാനമില്ലാതെ രണ്ടെണ്ണം
text_fieldsതിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ നിയമസഭ പാസാക്കിയ ശേഷം ഗവർണർ രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ചത് ഡസനിലേറെ ബില്ലുകൾ. ഇവയിൽ ചില ബില്ലുകൾ രാഷ്ട്രപതി നിർദേശങ്ങളോടെ പുനഃപരിശോധിക്കാൻ തിരിച്ചയക്കുകയോ അനുമതി നിഷേധിക്കുകയോ ചെയ്തവയാണ്.
രണ്ട് ബില്ലുകൾക്ക് ഇതുവരെ രാഷ്ട്രപതി ഭവന്‍റെ അനുമതി ലഭിച്ചിട്ടില്ല. ചില ബില്ലുകൾ നിയമസഭ പിന്നീട് പിൻവലിച്ചിട്ടുണ്ട്. ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ രാഷ്ട്രപതിക്ക് വിടാനുള്ള സാധ്യത വന്നതോടെ ഈ ബിൽ നിയമമാകാൻ കാത്തിരിക്കേണ്ടിവരുമെന്ന് വ്യക്തം. മിക്ക ബില്ലുകളിലും വർഷങ്ങൾ കഴിഞ്ഞാണ് രാഷ്ട്രപതിയുടെ തീരുമാനം വന്നത്. ഒന്നാം കേരള നിയമസഭയുടെ കാലത്താണ് ഏറ്റവും കൂടുതൽ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചത്. അഞ്ച് ബില്ലുകളാണ് അന്ന് അയച്ചത്.
1957ലെ കേരള വിദ്യാഭ്യാസ ബില്ലാണ് അയച്ച ആദ്യ ബില്ലുകളിൽ ഒന്ന്. 1957ലെ തന്നെ കേരള ഹൈകോടതി ബിൽ, കാർഷികബന്ധ ബിൽ, 1958ലെ കേരള കർഷക കടാശ്വാസ ബിൽ, ജന്മിക്കരം നിർത്തലാക്കൽ ബിൽ എന്നിവയാണ് ഒന്നാം സഭ പാസാക്കിയ ശേഷം രാഷ്ട്രപതിക്ക് അയച്ചത്. ഈ ബില്ലുകളെല്ലാം രാഷ്ട്രപതിയുടെ നിർദേശം പരിഗണിച്ച് സഭ പുനഃപരിശോധിച്ച് പാസാക്കി.
1972ലെ കേരള മെഡിക്കൽ പ്രാക്ടീഷണേഴ്സ് ബിൽ പുനഃപരിശോധിക്കാനായി രാഷ്ട്രപതി തിരിച്ചയച്ചെങ്കിലും പിന്നീട് അസാധുവായി. 1973ലെ കേരള ഹിന്ദു മാര്യേജ് ഭേദഗതി ബില്ലിന് രാഷ്ട്രപതി അനുമതി തടഞ്ഞു. 1977ലെ കാഷ്വൽ, ടെംപററി, ബദലി വർക്കേഴ്സ് വേജസ് ബിൽ 12 വർഷത്തിന് ശേഷമാണ് രാഷ്ട്രപതി ഭവനിൽ നിന്ന് തിരിച്ചുവന്നത്. പ്രസക്തി നഷ്ടപ്പെട്ടതിനെ തുടർന്ന് പിന്നീട് പിൻവലിച്ചു. 1978ലെ പൊതുമുതൽ നശിപ്പിക്കൽ നിരോധന ബില്ലും രാഷ്ട്രപതിക്ക് അയച്ചതിൽ ഉൾപ്പെടുന്നു.
1980 ലെ കേരള ലാൻഡ് റിഫോംസ് ഭേദഗതി ബില്ലിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. 2015ലെ മലയാള (വ്യാപനവും പരിപോഷണവും) ബില്ലിനും ഇതുവരെ അനുമതിയില്ല. പട്ടികവർഗ വിഭാഗങ്ങളുടെ ഭൂമി കൈമാറ്റത്തിന് നിയന്ത്രണം ഏർപ്പെടുത്തിയുള്ള 1996ലെ ബിൽ രാഷ്ട്രപതി തിരിച്ചയച്ചു. ഈ ബിൽ പുതിയ രീതിയിൽ പിന്നീട് സഭ പാസാക്കി. 1999ലെ കേരള ഗ്രാന്‍റ്സ് ആന്‍ഡ് ലീസ് ഭേദഗതി ബിൽ രാഷ്ട്രപതിയുടെ നിർദേശപ്രകാരം കഴിഞ്ഞ സഭയിൽ പിൻവലിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.