സി.പി.എം കേരള പാർട്ടിയാകുന്നോ...? അംഗങ്ങളുടെ പകുതിയിലധികവും കേരളത്തിൽ
text_fieldsകണ്ണൂർ: സി.പി.എം കേരളത്തിന്‍റെ പ്രാദേശിക പാർട്ടിയായി മാറുകയാണോ? പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടിലെ കണക്കുകൾ നൽകുന്ന സൂചന അതാണ്. പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ കേരളത്തിൽ മാത്രമാണ് പാർട്ടിയുടെ പ്രതീക്ഷക്ക് വകയുള്ളത്. 2017ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിന് ശേഷമുള്ള അംഗത്വപട്ടിക പരിശോധിക്കുമ്പോൾ കേരളത്തിൽ അംഗബലം ഗണ്യമായി കൂടി. അതേസമയം, ശക്തികേന്ദ്രങ്ങളായിരുന്ന ത്രിപുരയിലും ബംഗാളിലും പാർട്ടിയുടെ അംഗബലം കുത്തനെ ചോർന്നു. രാജ്യത്തെ മൊത്തം സ്ഥിതി കണക്കിലെടുത്താൽ പാർട്ടി അംഗങ്ങളുടെ എണ്ണം മൂന്നു വർഷത്തിനിടെ കുറയുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ പാര്‍ട്ടി കോൺഗ്രസ് നടക്കുമ്പോൾ 10,25,352 അംഗങ്ങളുണ്ടായിരുന്നത് 9,85,757 അംഗങ്ങളായി ചുരുങ്ങി. കേരളത്തിലെ പാർട്ടി അംഗങ്ങളുടെ എണ്ണം മൂന്നു വർഷംകൊണ്ട് 4,63,472ല്‍നിന്ന് 5,27,174 ആയി. അതായത്, ആകെ അംഗങ്ങളുടെ പകുതിയിലധികവും കേരളത്തിലാണ്. ബംഗാളിൽ 2,08,923 അംഗങ്ങളുണ്ടായിരുന്നത് 1,60,827 ആയി ചുരുങ്ങി. ത്രിപുരയിലെ അംഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. 97,990 അംഗങ്ങളുണ്ടായിരുന്ന ത്രിപുരയിൽ ഇപ്പോഴുള്ളത് 50,612 പേർ. അസം, ഉത്തർപ്രദേശ്, ജമ്മു-കശ്മീർ, ഛത്തിസ്ഗഢ്, ഒഡിഷ, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അംഗങ്ങളുടെ എണ്ണം കുറഞ്ഞു.
ചില സംസ്ഥാനങ്ങളിൽ അംഗസംഖ്യയിൽ വർധന ഉള്ളതായാണ് റിപ്പോർട്ട് കാണിക്കുന്നത്. ആകെ അംഗസംഖ്യ പതിനായിരത്തിനടുത്ത് മാത്രമുള്ള സംസ്ഥാനങ്ങളിലെ നാമമാത്ര വർധന പാർട്ടിക്ക് ആശ്വാസം പകരാൻ പോന്നതല്ല. കേരളവും ബംഗാളും കഴിഞ്ഞാൽ സി.പി.എമ്മിന് കൂടുതൽ പാർട്ടി അംഗങ്ങളുള്ളത് തമിഴ്നാട്ടിലാണ്. 93,982 പേർ. പാർട്ടി മുമ്പ് ഭരിച്ച ത്രിപുരയുടെ സ്ഥാനം തമിഴ്നാട്ടിനും പിറകിലാണ്. അംഗബലത്തിൽ അഞ്ചാം സ്ഥാനത്തുള്ള തെലങ്കാനയിൽ ഇപ്പോൾ 32,177 പാർട്ടി അംഗങ്ങളുണ്ട്. ഇവിടെ മൂന്നു വർഷത്തിനിടെ മൂവായിരത്തോളം പേരുടെ കുറവുണ്ടായി. തെലങ്കാനക്ക് പിന്നിൽ ആന്ധ്രപ്രദേശ് (23,110), ബിഹാർ (19,400), മഹാരാഷ്ട്ര (12,807), അസം (11,644) എന്നിങ്ങനെയാണ് സി.പി.എമ്മിന്‍റെ ഇപ്പോഴത്തെ അംഗബലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.