പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പിലെ പകുതിയിലേറെ തസ്തിക നിർത്തലാക്കുന്നു
text_fieldsകോഴിക്കോട്: പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പിന്റെ നാലു മേഖല ഓഫിസുകൾ അടച്ചുപൂട്ടുന്നതിനു പിന്നാലെ ആകെയുള്ള തസ്തികകളിൽ പകുതിയിലേറെയും നിർത്തലാക്കുന്നു. 238 തസ്തികകളിൽ 125 എണ്ണമാണ് ഇല്ലാതാക്കാൻ തീരുമാനിച്ചത്. ഡെപ്യൂട്ടി സ്റ്റേഷനറി കൺട്രോളറുടെ ആകെയുള്ള രണ്ടും അസി. സ്റ്റേഷനറി കൺട്രോളറുടെ നാലും സ്റ്റേഷനറി ഇൻസ്പെക്ടറുടെ 14ഉം ചീഫ് ഫോർമാൻ, ഫെയർ കോപ്പി സൂപ്രണ്ട്, ഡഫേദാർ എന്നിവരുടെ ആകെയുള്ള ഓരോ തസ്തികകളും ഉൾപ്പെടെ ഇല്ലാതാവും. സീനിയർ ക്ലർക്ക്, ടൈപിസ്റ്റ് തസ്തികകൾ 89ൽനിന്ന് 44ഉം ജൂനിയർ സൂപ്രണ്ടുമാർ ഒമ്പതിൽനിന്ന് നാലും ജില്ല സ്റ്റേഷനറി ഓഫിസർമാർ പത്തിൽനിന്ന് ഏഴും വാച്ചർമാർ 22ൽനിന്ന് 11ഉം ബൈൻഡർ, പാക്കർമാർ 29ൽനിന്ന് 14ഉം ആയി കുറയും. മേഖല ഓഫിസുകൾ പൂട്ടുന്നത് സംബന്ധിച്ച് നേരത്തേ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
വൈജ്ഞാനിക ഭരണനിർവഹണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുതല പ്രത്യേക സമിതിയുടെ യോഗത്തിലാണ് തസ്തികകൾ നിർത്തലാക്കാനടക്കമുള്ള തീരുമാനമുണ്ടായത്. സമിതി ചെയർമാൻകൂടിയായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണ സ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനറായ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സിജു ജേക്കബ്, ധനവകുപ്പ് അഡീഷനൽ സെക്രട്ടറി ടി. കാഞ്ചന, അച്ചടി വകുപ്പ് ഡയറക്ടർ എ.ടി. ഷിബു, സ്റ്റേഷനറി കൺട്രോളർ മേരി മാർഗരറ്റ് പ്രകാശ്യ എന്നിവരും പങ്കെടുത്തു.
സർക്കാർ നിർദേശാനുസരണം സ്റ്റേഷനറി കൺട്രോളർ നേരത്തേ സമർപ്പിച്ച നിർദേശം ചർച്ചചെയ്ത സമിതി, ഉദ്യോഗസ്ഥരെ മറ്റു വകുപ്പുകളിലേക്ക് പുനർ വിന്യസിക്കുന്നതിന് തടസ്സങ്ങളില്ലെന്നും 'ജെം' മുഖേന പർച്ചേസ് നടത്തുമ്പോൾ കേന്ദ്രീകൃത പർച്ചേസിന്റെ പ്രസക്തി നഷ്ടമാവുമെന്നും വിലയിരുത്തിയാണ് തസ്തികകൾ നിർത്തലാക്കാൻ തീരുമാനിച്ചത്.
നിർത്തലാക്കാൻ ശിപാർശ ചെയ്ത തസ്തികകളിൽ നിലവിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സൂപ്പർ ആനുവേഷൻ വരെ തുടരാനും ഇവരെ മറ്റു വകുപ്പുകളിലേക്ക് സർവിസ് വ്യവസ്ഥക്കും നിലവിലെ ശമ്പള സ്കെയിലിനും കോട്ടംതട്ടാതെ പുനർ വിന്യസിക്കാനും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. നിർത്തലാക്കുന്ന തസ്തികകളിലുള്ളവർ വിരമിച്ചോ മറ്റു കാരണത്താലോ ഉണ്ടാവുന്ന ഒഴിവിലേക്ക് പ്രമോഷൻ നൽകാനോ ഇത് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് നികത്താനോ പാടില്ല.
നിർത്തലാക്കാൻ തീരുമാനിച്ച തസ്തികകളുടെ പട്ടികക്ക് അനുസൃതമായി ഓഫിസുകൾ, സീറ്റുകൾ എന്നിവ വ്യക്തമാക്കി സർക്കാറിന് റിപ്പോർട്ട് നൽകാൻ സ്റ്റേഷനറി കൺട്രോളർ മേരി മാർഗരറ്റ് പ്രകാശ്യക്ക് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണ സ്വാമി നിർദേശം നൽകി. സ്റ്റേഷനറി വകുപ്പിന്റെ കോഴിക്കോട്, ഷൊർണൂർ, എറണാകുളം, തിരുവനന്തപുരം മേഖല ഓഫിസുകൾ പൂട്ടാൻ നേരത്തേ നടപടി ആരംഭിച്ചിരുന്നു. ഇത് എൻ.ജി.ഒ അസോസിയേഷന്റെയടക്കം കടുത്ത പ്രതിഷേധത്തിനിടയാക്കിയതിനു പിന്നാലെയാണ് തസ്തികകൾ പകുതിയും കുറക്കാനുള്ള തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.