കൂടുതൽ ചൂളംവിളി ഇന്നുമുതൽ; യാത്രക്കാരുടെ ഓളമില്ലാതെ റിസർവേഷൻ
text_fieldsകണ്ണൂർ: കോവിഡ് നിയന്ത്രണങ്ങളിൽ നിർത്തലാക്കിയ ട്രെയിനുകൾ പുനരാരംഭിക്കുേമ്പാൾ മുഖംതിരിച്ച് യാത്രക്കാർ. കണ്ണൂർ -എറണാകുളം ഇൻറർസിറ്റി, കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടിവ്, മംഗളൂരു -നാഗർകോവിൽ ഏറനാട്, മംഗളൂരു കോയമ്പത്തൂർ സ്പെഷൽ തുടങ്ങിയ ട്രെയിനുകളാണ് ജില്ലയിലൂടെ കടന്നുപോകുന്ന പ്രധാന വണ്ടികൾ.
20 ശതമാനം ടിക്കറ്റുകൾ മാത്രമാണ് പല ട്രെയിനുകളിലും വിറ്റുപോയത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെയുള്ള കണക്കാണിത്.
രാവിലെ കണ്ണൂരിൽനിന്ന് 5.10ന് പുറപ്പെടുന്ന കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടിവ് െട്രയിനിൽ 120 സീറ്റ് മാത്രമാണ് റിസർവേഷൻ നടന്നത്. 700 സീറ്റുകൾക്ക് മുകളിൽ ഒഴിഞ്ഞുകിടക്കുകയാണ്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെ 10 ശതമാനം സീറ്റുകളിൽ മാത്രമാണ് റിസർവേഷൻ ടിക്കറ്റ് നൽകിയത്. ആലപ്പുഴയിൽനിന്ന് രാത്രി 11ന് കണ്ണൂരിലെത്തുന്ന എക്സിക്യൂട്ടിവിൽ 400ലധികം ടിക്കറ്റുകൾ വിറ്റുപോകാനുണ്ട്.
ഉച്ച 2.50ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ഇൻറർസിറ്റി എക്സ്പ്രസിന് 150 ടിക്കറ്റുകൾ മാത്രമാണ് ചെലവായത്. എ.സി കമ്പാർട്ട്മെൻറിൽ 40ഒാളം സീറ്റുകൾ ഉൾപ്പെടെ 850ഒാളം ടിക്കറ്റുകൾ വിറ്റുപോയില്ല.
വൈകീട്ട് കണ്ണൂരിലെത്തുന്ന മംഗളൂരു -തിരുവനന്തപുരം ട്രെയിനിന് 150 സ്ലീപ്പർ ടിക്കറ്റുകൾ ഒഴിവുണ്ട്.
സർക്കാർ സ്ഥാപനങ്ങളും തൊഴിൽ മേഖലകളും പ്രവർത്തിച്ചു തുടങ്ങിയതിനാലാണ് കൂടുതൽ സർവിസുകൾ റെയിൽവേ പുനരാരംഭിച്ചത്. എന്നാൽ, വരും ദിവസങ്ങളിലും യാത്രക്കാരുടെ എണ്ണം കുറവാണെങ്കിൽ കൂടുതൽ ട്രെയിനുകൾ റദ്ദാക്കാനാണ് സാധ്യത.
പുലർച്ച 1.45നും രാത്രി ഏഴിനും കണ്ണൂരിലെത്തുന്ന മംഗളൂരു–ചെെന്നെ വെസ്റ്റ് കോസ്റ്റ്, സൂപ്പർ ഫാസ്റ്റ് ട്രെയിനുകളും തിരുവനന്തപുരം -മംഗളൂരു മലബാർ എക്സ്പ്രസും നിലവിൽ കാൻസൽ ചെയ്തിരിക്കുകയാണ്. ഇവ നേരത്തെ ഓടുമെന്ന് റെയിൽവേ പറഞ്ഞിരുന്നെങ്കിലും യാത്രക്കാരില്ലാത്തതിനെ തുടർന്നാണ് റദ്ദാക്കിയത്.
ഓൺലൈൻ വഴിയും ബുക്കിങ് കുറവാണ്. എല്ലാ വണ്ടികൾക്കും എ.സി കമ്പാർട്ടുമെൻറുകളിലും കാര്യമായ ബുക്കിങ് നടന്നില്ല. ബുധനാഴ്ച പുനരാരംഭിച്ച ട്രെയിനുകളിൽ എക്സിക്യൂട്ടിവിനും ഇൻറർസിറ്റിക്കും ഒരോ എ.സി കമ്പാർട്ടുമെൻറുകളാണുള്ളത്. രണ്ടാം ലോക്ഡൗണിനുമുമ്പ് എ.സി കമ്പാർട്ടുമെൻറുകളിലടക്കം ടിക്കറ്റ് ലഭിക്കാൻ തിരക്കനുഭവപ്പെട്ടിരുന്നു. സാധാരണ നിലയിൽ എറണാകുളം ഇൻറർസിറ്റിയിൽ 800ലധികം സീറ്റുകളിലേക്ക് ടിക്കറ്റ് വിറ്റുപോകാറുണ്ട്. 20 ശതമാനത്തിൽ താഴെ ടിക്കറ്റുകൾ മാത്രമാണ് ചൊവ്വാഴ്ച വൈകീട്ടുവരെ വിറ്റുപോയത്.
വൈകീട്ട് 4.15ന് കണ്ണൂരിലെത്തുന്ന നിസാമുദ്ദീൻ സ്പെഷലിന് ഏറക്കുറെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. പുലർച്ച 2.10ന് എത്തുന്ന മംഗളക്ക് എ.സി ഒഴികെ മുഴുവൻ ടിക്കറ്റുകളും ചൊവ്വാഴ്ച വൈകീട്ടോടെ വിറ്റുപോയി. മംഗളൂരു -നാഗർകോവിൽ ഏറനാട് എക്സ്പ്രസിൽ ആയിരത്തിലേറെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ബാക്കിയാണ്. വൈകീട്ട് 3.05ന് കണ്ണൂരിലെത്തുന്ന കോയമ്പത്തൂർ–മംഗളൂരു സ്പെഷലിന് 650ഒാളം ടിക്കറ്റുകൾ വിറ്റുപോകാൻ ബാക്കിയാണ്.
കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി വ്യാഴാഴ്ച മുതൽ തുടങ്ങുമെന്നാണ് റെയിൽവേ അറിയിച്ചത്. ട്രെയിനുകൾ ഓടിത്തുടങ്ങുേമ്പാഴും കാര്യമായ ബുക്കിങ് തുടങ്ങിയില്ല. കോവിഡിനുശേഷം കാര്യമായ വരുമാന നഷ്ടം റെയിൽവേക്കുണ്ട്. കോവിഡിനുമുമ്പ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ദിവസേന മൂന്നുലക്ഷത്തോളം രൂപയുടെ ടിക്കറ്റുകൾ വിറ്റുപോകാറുണ്ട്. ഇപ്പോൾ 50,000 രൂപയിൽ താഴെയാണ് വിൽപന.
തലശ്ശേരി, പയ്യന്നൂർ സ്റ്റേഷനുകളിൽ രണ്ടുലക്ഷം രൂപ ശരാശരി വരുമാനം ലഭിക്കാറുണ്ട്. നിലവിൽ രണ്ടു സ്റ്റേഷനുകളിലുമായി മുക്കാൽലക്ഷം മാത്രമാണ് വരുമാനം. സ്റ്റേഷനുകളിൽ മൂന്നു ഷിഫ്റ്റുകളിലായി 600ലധികം ടിക്കറ്റുകൾ വിറ്റുപോയ സ്ഥാനത്ത് ഇപ്പോൾ നൂറിൽ താഴെമാത്രമാണ് വിൽപന. അന്തർ സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കുറഞ്ഞതും വരുമാന നഷ്ടത്തിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.