മോറിസ് കോയിൻ തട്ടിപ്പ്: പ്രതികളുടെ; 36.72 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
text_fieldsകൊച്ചി: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി കേസിലെ പ്രതികളുടെ 36.72 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ലോങ് റീച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി കെ. നിഷാദിന്റെയും സഹായികളുടെയുമാണ് സ്വത്തുക്കൾ. കള്ളപ്പണം വെളുപ്പിക്കൽ നിയന്ത്രണ നിയമപ്രകാരമാണ് നടപടി.
ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ധാനം ചെയ്ത് 900 നിക്ഷേപകരിൽ നിന്നായി 1200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അനുമാനം. ലോങ് റീച്ച് ടെക്നോളജീസ്, മോറിസ് ട്രേഡിങ് സൊലൂഷൻസ് എന്നീ പേരുകളിലും സാമ്പത്തിക സേവന സ്ഥാപനങ്ങൾ ഇയാൾ നടത്തിയിരുന്നു. ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിൽ ഒന്നിലും ലിസ്റ്റ് ചെയ്യാത്ത 'മോറിസ് കോയിൻ' വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. നിക്ഷേപകർ കുറഞ്ഞത് 15,000 രൂപ നൽകണമെന്നാണ് നിഷ്കർഷിച്ചിരുന്നത്. 300 ദിവസത്തേക്ക് പ്രതിദിനം 270 രൂപയായിരുന്നു വാഗ്ദാനം. പുതിയ നിക്ഷേപകരെ കണ്ടെത്തുന്നവർക്ക് 10 മുതൽ 40 ശതമാനം വരെ കമീഷനും വാഗ്ദാനം ചെയ്തിരുന്നു. സിനിമ മേഖലയിൽ പണം ചെലവഴിച്ചിട്ടുണ്ടെന്ന അനുമാനത്തെ തുടർന്ന് അടുത്തിടെ നടൻ ഉണ്ണി മുകുന്ദന്റെ പാലക്കാട് ഒറ്റപ്പാലത്തെ വീട്ടിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു.
കേരള പൊലീസ് മലപ്പുറം, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽ രജിസ്റ്റർ ചെയ്ത വ്യത്യസ്ത എഫ്.ഐ.ആറുകളെ തുടർന്നാണ് ഇ.ഡി അന്വേഷണത്തിന് തുടക്കമിട്ടത്. പൊതുജനത്തിൽനിന്ന് നിയമപരമായ അനുമതിയില്ലാതെയാണ് പണം സ്വീകരിച്ചതെന്ന് ഇ.ഡി വിശദീകരിച്ചു. ഉയർന്ന വരുമാനം വാഗ്ദാനംചെയ്താണ് നിക്ഷേപകരെ ആകർഷിച്ചത്. പണം ഉപയോഗിച്ച് ഭൂമിയും വ്യത്യസ്ത ക്രിപ്റ്റോ കറൻസികളും ആഡംബര കാറുകളും വാങ്ങിച്ചിട്ടുണ്ട്. ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലും പണം ചെലവഴിച്ചു. ഇഫേറിയം, ബി.ടി.സി, ബി.എൻ.ബി, വൈ.എഫ്.ഐ, വി.ഇ.ടി, എ.ഡി.എ, യു.എസ്.ഡി.ടി തുടങ്ങിയ ക്രിപ്റ്റോ കറൻസികളും ഇ.ഡി കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ മൊത്തം മൂല്യം 25.82 ലക്ഷം രൂപ വരും. കേരളം, കർണാടക, തമിഴ്നാട്, ന്യൂഡൽഹി എന്നിവിടങ്ങളിലായി 11 സ്ഥലത്ത് ഇ.ഡി തിരച്ചിൽ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.